കിടപ്പുരോഗികൾക്കരികിലേക്ക് ഇനി വേഗത്തിലെത്താം; സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കാപ്പാട് മേഖലയുടെ ഹോംകെയറിന് ഇനി പുതിയ വാഹനം


ചേമഞ്ചേരി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കാപ്പാട് മേഖല കമ്മറ്റിയുടെ പുതിയ ഹോംകെയര്‍ വാഹനം നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ചേമഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ പാലിയേറ്റിവ് 2021 ജൂലായ് 1 മുതലാണ് നഴ്‌സിന്റെ സേവനത്തോടെയുള്ള ഹോം കെയര്‍ സംവിധാനം ആരംഭിച്ചത്.

വാഹനം വാടകയ്‌ക്കെടുത്തും, സ്വകാര്യ വ്യക്തികളുടെയും പൊതു സംഘടനകളുടെയും വാഹനങ്ങള്‍ ഉപയോഗിച്ചുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളം വീടുകളില്‍ എത്തി കിടപ്പു രോഗികള്‍ക്കും പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്കും ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചത്.

സുരക്ഷ പാലിയേറ്റിവ് ജില്ല ചെയര്‍മാന്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുനില്‍ തിരുവങ്ങൂര്‍ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി.

പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതി സ്വന്തമായി ഒരു വാഹനം എന്നത് സുരക്ഷയുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു എന്ന് സുരക്ഷ ചേമഞ്ചേരി കോര്‍ഡിനേറ്റര്‍ എം.നൗഫല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അമാന ടയൊട്ടൊ എന്ന സ്ഥാപനമാണ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കാപ്പാട് മേഖലയ്ക്ക് ഒരു വാഹനം നല്‍കിയിരിക്കുന്നത്. ഒരു നേഴ്‌സ് രണ്ട് വളണ്ടിയര്‍മാര്‍ ഒരു ഡ്രൈവര്‍ എന്നിവരടങ്ങുന്ന ടീമാണ് ഓരോ ദിവസവും ഹോം കെയറില്‍ പ്രവര്‍ത്തിക്കുന്നത്.

സുരക്ഷ കാപ്പാട് മേഖല കണ്‍വീനര്‍ അശോകന്‍ കോട്ട് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. സോണല്‍ കണ്‍വീനര്‍ എ.പി.സുധീഷ്, എം.നൗഫല്‍, എം.പി.അശോകന്‍, ടി.വി.ചന്ദ്രഹാസന്‍, ശാലിനി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ശേഖരന്‍ നന്ദി പറഞ്ഞു.

summary: Kappad Surakshsa Pain and Palliative Sector Committee now has a new home care vehicle