സര്‍ക്കാരിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തി നാടിന്റെ സ്വപ്ന പദ്ധതികളെ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്’ നിയമസഭയില്‍ പ്രതിപക്ഷത്തിനുനേരെ ചോദ്യശരങ്ങളെറിഞ്ഞ് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല-വീഡിയോ



കൊയിലാണ്ടി:
നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. സര്‍ക്കാറിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തി നാടിന്റെ വികസന പദ്ധതികള്‍ക്ക് തുരംഗം വെയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് എം.എല്‍.എ സഭയ്ക്കുള്ളിലെ പ്രതിപക്ഷ ഇടപെടലുകള്‍ എടുത്തുപറഞ്ഞ് വിമര്‍ശിച്ചത്.

36 തവണ സ്വര്‍ണം കടത്തിയെന്ന് സ്വയം വെളിപ്പെടുത്തിയ, പെരുംകള്ളിയും കള്ളക്കടത്തുകാരിയുമായ സ്ത്രീ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി പറയുന്ന ഓരോ കാര്യങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങിക്കൊണ്ടാണ് പ്രതിപക്ഷം സഭയില്‍ വന്ന് ആക്രോശിക്കുന്നത്. ഈ പേക്കൂത്ത് കാണുമ്പോള്‍ സഹതാപമാണ് തോന്നത്. എന്ത് പ്രതിബദ്ധതയാണ് ഇവര്‍ക്ക് ജനങ്ങളോടുള്ളത്. അനാവശ്യമായ വിവാദങ്ങള്‍ കുത്തിപ്പൊക്കി അപസര്‍പ്പക കഥകളെ വെല്ലുന്ന തിരക്കഥകളുമായിട്ടാണ് പ്രതിപക്ഷം ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.

രണ്ട് വര്‍ഷം ഇ.ഡിയും എന്‍.ഐ.എയും കസ്റ്റംസും അരിച്ചുപെറുക്കി അന്വേഷിച്ചതാണ് സ്വര്‍ണക്കടത്ത് കേസ്. 36 തവണ സ്വര്‍ണം കടത്തിയത് ആരാണ്, കൊടുത്തുവിട്ടത് ആരാണ്, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നിട്ടുള്ളത് എന്ന് ഈ ഏജന്‍സികളോട് ഒരുപ്രാവശ്യമെങ്കിലും പ്രതിപക്ഷം ചോദിച്ചിട്ടുണ്ടോ. ഇവര്‍ ചോദിക്കില്ല. കാരണം ഇവര്‍ക്ക് സത്യമറിയേണ്ട. സര്‍ക്കാറിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തി നാടിന്റെ സ്വപ്‌ന പദ്ധതികളെ തകര്‍ക്കണം എന്നുള്ളതാണ് ഇവരുടെ ആഗ്രഹം. അല്ലെങ്കില്‍ തങ്ങള്‍ക്കിനി ഒരിക്കലും ഭരണത്തിലെത്തുവാനാവില്ലയെന്ന ഭയം പ്രതിപക്ഷത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്.

രാജ്യം കത്തിയെരിയുകയാണ്. സൈന്യത്തില്‍ പോലും അഗ്നിവീരന്മാര്‍ എന്ന പേരില്‍ സംഘപരിവാരങ്ങളെ കുത്തിനിറക്കുന്ന രാജ്യം ആയിട്ട് മാറിയിരിക്കുകയാണ് ഇവിടം. ഉദയപൂര്‍ കൊലപാതകികള്‍ക്ക് ആര്‍.എസ്.എസുമായുള്ള ബന്ധം മതേതര വാദികളെ ഞെട്ടിക്കുന്നതാണ്. എന്തെങ്കിലും പറഞ്ഞോ ഇവിടുത്തെ പ്രതിപക്ഷം. ഇന്ത്യയിലെ മുഖ്യപ്രതിപക്ഷം എന്നവകാശപ്പെടുന്ന എന്താണ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും കാനത്തില്‍ ജമീല ചോദിച്ചു.

”സംഘപരിവാര്‍ നടത്തിയിട്ടുള്ള കള്ളക്കടത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാറിന്റെയും അവരുടെ വര്‍ഗീയ അജണ്ടകളെയും നഖശിഖാന്തം എതിര്‍ക്കുന്ന ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ക്രിമിനല്‍ സംഘത്തെയാണ് കോണ്‍ഗ്രസ് അതിന്റെ നിലനില്‍പ്പിനായി കൂട്ടുപിടിച്ചിരിക്കുന്നത്.

സ്വന്തം പാര്‍ട്ടിയുടെ നേതൃത്വം ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലകപ്പെട്ട് ചക്രശ്വാസം വലിക്കുന്നതില്‍ ഇവര്‍ക്കൊന്നും പറയാനില്ല. രാഹുല്‍ ഗാന്ധിയെപ്പോലുള്ള നേതാക്കള്‍ അന്വേഷണം നേരിടുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ പറ്റില്ലയെന്ന വിധത്തില്‍ കോണ്‍ഗ്രസ് സംഘപരിവാര്‍ ബന്ധത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധവും ഏതുവിധേനയും അധികാരത്തിലെത്തുകയെന്ന അത്യാഗ്രഹവുമാണ് ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുനടക്കുന്നത്.

1959 സ്വപ്‌നം കണ്ടിട്ടാണെങ്കില്‍, വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് കേരളത്തെ കലാപഭൂമിയാക്കുവാന്‍ വല്ലതും നടക്കുമോയെന്ന പ്രതീക്ഷയിലാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാലം ഒരുപാട് മാറി. അന്നത്തെ കാലമല്ല ഇന്ന് എന്ന് കേരള ജനത തിരിച്ചറിയുമെന്നതില്‍ ഒരു സംശയവുമില്ല. തൊടുത്തവിട്ടത് ഓരോന്നും ബൂമറാങ് പോലെ തിരിച്ചടിക്കും. 41 എന്ന അംഗസഖ്യയില്‍ നിന്നും ആദ്യത്തെ നാല് പോയി അവസാനത്തെ ഒന്ന് മാത്രമായി നില്‍ക്കുന്ന രീതിയിലേക്കാണ് ഇവര്‍ പോയിക്കൊണ്ടിരിക്കുന്നത്.” കാനത്തില്‍ ജമീല പറഞ്ഞു.

കാനത്തില്‍ ജമീല നിയമസഭയില്‍ സംസാരിക്കുന്ന സമയത്ത് സ്പീക്കറുടെ ചെയറിലിരുന്ന് സഭ നിയന്ത്രിച്ച് കൊയിലാണ്ടിക്കാരനായ നാദാപുരം എം.എല്‍.എ ഇ.കെ.വിജയന്‍ ആയിരുന്നു.