കടുവയുടെ കലക്ഷന്‍ റിപ്പോട്ട് പുറത്ത്; അച്ചട്ടായി നിര്‍മാതാവിന്റെ പ്രവചനം


പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണ്. ജൂലൈ ഏഴിന് റിലീസ് ചെയ്ത ശേഷം നാല് ദിവസം പിന്നിടുമ്പോള്‍ കടുവയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്.

25 കോടിയോളമാണ് ആദ്യ നാല് ദിവസം കൊണ്ട് കടുവ നേടിയെടുത്തത്. ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. നേരത്തെ നല്‍കിയ അഭിമുഖങ്ങളില്‍ കടുവ പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിജയ ചിത്രമാവുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു.

പൃഥ്വിരാജിന്റെ അടുപ്പിച്ചുള്ള നാലാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയാണിത്. അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസന്‍സ്, ജനഗണമന ഇതിന് മുമ്പ് പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റടിച്ച പൃഥ്വിരാജ് ചിത്രങ്ങള്‍. ഇതിനിടക്ക് വന്ന ഭ്രമവും കുരുതിയും കോള്‍ഡ് കേസും ഒ.ടി.ടി റിലീസായിരുന്നു.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.


Summary: Kaduva movie Collected 25 Cores in first 4 Days.