മാഹിയില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: മുപ്പതിലേറെ പേര്‍ക്ക് പരിക്ക്


മാഹി: കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ തമ്മില്‍ മാഹി ദേശീയപാതയില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.

ഗോപാലപേട്ട വളവിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവര്‍ക്ക് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഇന്ന് രാവിലെയും കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസ് അപകടത്തില്‍പ്പെട്ടിരുന്നു. കണ്ണോത്തുംചാലില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏഴുപേര്‍ക്ക് നിസാര പരുക്കുണ്ട്.

മഴയുള്ള സമയത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.