മുനമ്പത്തെപ്പള്ളിയെന്ന കടലൂര്‍ ജുമാ മസ്ജിദിന്റെ കഥ; പള്ളി മച്ചുകളില്‍ തൂക്കിയിട്ട 46 തൂക്കുവിളക്കുകള്‍ കടലില്‍ വെളിച്ചം വിതറിയ നന്തിയുടെ ഇന്നലകളുടെ ഓര്‍മകളും
നിജീഷ് എം.ടി.
ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാരുടെ കോട്ടയ്ക്കും പന്തലായനി തുറമുഖത്തിനുമിടയിലാണ് വളയില്‍ക്കടപ്പുറവും ഓടോക്കുന്നും അതിന്റെ പരിസര പ്രദേശങ്ങളായ വന്മുഖവും കടലൂരും. കടല്‍ത്തൊഴിലാളികളായിരുന്നു ഗ്രാമീണരില്‍ ഭൂരിഭാഗവും. അന്നത്തെ കാലത്ത് കൊല്ലം പാറപ്പള്ളി കഴിഞ്ഞാല്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താനായി കടലൂര്‍ ദേശത്ത് ഉണ്ടാക്കിയ പള്ളിയാണ് കടലൂര്‍ ജുമാ മസ്ജിദ് എന്ന മുനമ്പത്തെ പള്ളി അഥവാ കടലൂര്‍ കോട്ടക്കകം മുനമ്പത്തെ പള്ളി.
പന്തലായനി കൊല്ലം തുറമുഖ പ്രദേശത്തിന്റെ സമീപപ്രദേശമായ ഓടോക്കുന്നും അതിന്റെ താഴ്വാരമായതും കടലിലേക്ക് ഇറങ്ങിക്കിടക്കുന്നതുമായ തീരദേശമാണ് കടലൂര്‍.
വളയില്‍ക്കടപ്പുറത്തുനിന്നു നോക്കിയാല്‍ തീരത്തു നിന്നും തട്ടുതട്ടുകളായി തുടങ്ങുന്ന ഓടോക്കുന്നും, ഗുരു പുണ്യക്കുന്നും (ഉരുപുണ്യക്കുന്ന് ) കാണാം. ഭൂമി ശാസ്ത്രപരമായി കടല്‍ കരയിലേക്ക് കയറിക്കിടക്കുന്നതിനാല്‍ കടലില്‍ നിന്ന് നോക്കുമ്പോള്‍ മുനമ്പത്തെ പള്ളിയും ഉരുപുണ്യകാവ് ക്ഷേത്രവും പാറപ്പളളിയും നേര്‍രേഖയില്‍ കാണാമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
മാലിക് ഇബ്‌നു ദിനാറും അനുയായികളും കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാളുടെ സഹായത്താല്‍ ആദ്യ പള്ളി പണിയുകയും തുടര്‍ന്ന് വിവിധ കാലങ്ങളിലായി കേരളത്തിന്റെ പശ്ചിമതീരപ്രദേശങ്ങളില്‍ പത്തോളം പള്ളികള്‍ സ്ഥാപിക്കുകയും ഖാളിമാരെ നിയമിക്കുകയും ചെയ്യുകയുണ്ടായത് ചരിത്രം.
ചാലിയം, പന്തലയനി-കൊല്ലം(കൊയിലാണ്ടി കൊല്ലം), ധര്‍മ്മടം, മാടായി, വളപട്ടണം, ശ്രീകണ്ഠപുരം, കാസര്‍കോട്,
മംഗലാപുരം, ബര്‍കുര്‍ എന്നീ പള്ളികള്‍ കേരളത്തിലെ ഇസ്ലാം മത ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നതും ചരിത്രം.
മാലിക് ദിനാറിനും കൂട്ടര്‍ക്കും ശേഷമുള്ള കാലഘട്ടത്തിലെ മൂന്നാം തലമുറയിലെ പള്ളിയാവും കടലൂര്‍ ജുമാ മസ്ജിദ് എന്ന മുനമ്പത്തെ പള്ളി.
ബ്രിട്ടീഷ് രേഖകളില്‍ കടലൂര്‍ ഓടോക്കുന്നിന് താഴ്വാരത്ത് കടലിനോട് ചേര്‍ന്ന് കടലൂരില്‍ ടിപ്പു സുല്‍ത്താന് ഒരു സൈനിക ഉപകേന്ദ്രം ഉണ്ടായിരുന്നതായും കടല്‍ക്ഷോഭത്താല്‍ കോട്ടപൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും പറയുന്നു. കോട്ടയുടെതായ ചില അടയാളങ്ങള്‍ ഇന്നും ഈ പരിസരങ്ങളില്‍ കാണാവുന്നതാണ്. പള്ളിപ്പറമ്പിനെ കോട്ടയ്ക്കകം പറമ്പെന്നും പള്ളിയെ കടലൂര്‍ ജുമായത്ത് പള്ളി കടലൂര്‍ കോട്ടയ്ക്കകം മുനമ്പത്തെ പള്ളി എന്നൊക്കെ പഴമക്കാര്‍ വിളിക്കുന്നുവെന്നതുമെല്ലാം കടലൂര്‍ ദേശത്തിന്റെ വാമൊഴി ചരിത്രവും.
കടലിനോട് ചേര്‍ന്ന് കടല്‍യാനങ്ങള്‍ക്ക് ദിശയറിയിക്കുന്ന വിളക്കുമാടത്തെപ്പോലെയാണ് കടലൂര്‍ മുനമ്പത്തെ പള്ളിയുടെ സ്ഥാനം. ഇരുനിലകളിലായി കേരളീയ വസ്തുവിദ്യാഭംഗിയാല്‍ പ്രൗഢമായിരുന്നു പള്ളിയുടെ രൂപഘടനയെന്നത് കടലൂരിന്റെ നഷ്ടപ്രതാപങ്ങളിലെ മറ്റൊരു സത്യം.
ഇന്നലെകളിലെ രാത്രികളില്‍ മച്ചുകളില്‍ തൂക്കിയിട്ട 46 തൂക്കുവിളക്കുകളിലെയും പ്രകാശത്തിളക്കം കടലിലും പ്രതിഫലിച്ചിരുന്ന കാലം. പകലുകളില്‍ പോലും ആളുകള്‍ കടന്നു ചെല്ലാന്‍ ഭയന്നിരുന്ന കോട്ടയ്കകം പള്ളിപ്പരിസരം.
കേട്ട കഥകളില്‍ ആദമിനും മുന്‍പ് തീയില്‍ നിന്നും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട കാവല്‍ മാലാഖമാരുടെയും, ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ അരുപ സാന്നിദ്ധ്യമായ ജിന്നുകളുടെയും മുത്തശ്ശിക്കഥകള്‍ ധാരാളമുണ്ട് കടലൂര്‍പ്പഴമയുടെ ഓര്‍മ്മകളില്‍.
ഇന്നത്തെ മൂടാടി വില്ലേജ് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല
പുറക്കാട് പള്ളിക്കര എന്നീ പ്രദേശങ്ങളിലെയുമെല്ലാം മുസ്ലിം ജനവിഭാഗം വെള്ളിയാഴ്ച നമസ്‌ക്കാരത്തിനായും ഖബറിടമായും മൂന്നര – നാല് നൂറ്റാണ്ട് മുമ്പ് ആശ്രയിച്ചിരുന്നത് ഈ പള്ളിയെയും അതിനോട് ചേര്‍ന്ന പള്ളിപ്പറമ്പിനെയുമായിരുന്നു.
ചതുരാകൃതിയില്‍ പള്ളിക്കു മുന്നിലായി ഒരു കുളവും വലിയ കല്ലുകള്‍ കൊണ്ട് അരികുകള്‍ പാകിയ ജലസമൃദ്ധമായ പള്ളിക്കുളത്തിന്റെ പഴമ ഇന്ന് സിമന്റ് പ്ലാസ്റ്ററിംഗിന്റെയുള്ളിലാണ്.
കടലൂരിലെ പ്രമുഖ കുടുംബവും ഭൂഉടമകളുമായിരുന്ന മുക്കാടിത്താഴ കോട്ടക്കകം തറവാട്ടുകാരാണ് കടലൂര്‍ ദേശത്ത് പളളി നിര്‍മ്മിക്കാനാവശ്യമായ ധനവും സ്വത്തും മാറ്റിവെച്ചത്. കടലൂര്‍ ദേശത്തിനായി മാത്രമല്ല സമീപ പ്രദേശക്കാര്‍ക്കുമായുള്ള പൊതു സ്വത്താവണമെന്നും ആഗ്രഹിച്ച് കുടുംബം വക ഭൂസ്വത്തിന്റെ ഒരു ഭാഗം പളളിക്കായി വിട്ടുകൊടുക്കുകയും പള്ളി പണിയിപ്പിക്കുകയും ചെയ്തത് മുക്കാടിത്താഴ കോട്ടക്കകം തറവാട്ടിലെ കാരണവന്മാരായിരുന്നു. വിവിധ ശാഖകളായി ഇന്നും ആ കുടുംബം കടലൂരിലുണ്ട്.
കടലൂര്‍ കോട്ടക്കകം മുനമ്പത്തെ ജുമാ മസ്ജിദിന് മൂന്ന് ഭാഗത്തും അറബിക്കടലാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമായ അറബിക്കടല്‍ (Arabian Sea) പരന്നങ്ങനെ കിടക്കുന്നു.
കടലും മനോഹരമായ കടല്‍ത്തീരവും അതിനോട് ചേര്‍ന്ന പള്ളി പരിസരവും നമ്മുടെ മനസ്സിനെ ശാന്തമായ മറ്റേതോ തീരത്തേക്ക് നയിക്കും. ചെറുതിരകളുടെ ശബ്ദം ഏതോ മന്ത്രങ്ങള്‍ പോലെ നമ്മുടെ കാതുകളിലൂടെ മനസ്സിലെത്തും. മനസ്സാകെ ശാന്തമാക്കുന്ന അവാച്യമായ ഒരാനന്ദം. മനസ്സും, ശരീരവുമാകെ ഊര്‍ജ്ജ പ്രവാഹമുണ്ടാക്കാന്‍ കഴിയുന്ന തീരം.
പക്ഷെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളീയ വാസ്തുവിദ്യയുടെ പ്രൗഡിയില്‍ നിര്‍മ്മിച്ച പള്ളിയുടെ രൂപം കടലിന്റെ പശ്ചാത്തലത്തില്‍ മനസ്സില്‍ സങ്കല്പിക്കാന്‍ മാത്രമെ നമുക്കിന്ന് കഴിയൂ. രാജ പ്രൗഡിയില്‍ നിന്നിരുന്ന പളളി നിരവധിത്തവണ പുതുക്കിപ്പണിയേണ്ടി വന്നു. ഓരോ പുതുക്കലിലും പഴമയുടെ പ്രൗഡി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. വിദൂരദേശങ്ങളില്‍ നിന്നും വെള്ളിയാഴ്ചകളില്‍ രാവിലെകളില്‍ കാല്‍നടയായി ആരംഭിക്കുന്ന യാത്രതന്നെ ഒരു പ്രാര്‍ത്ഥനയും ആത്മസമര്‍പ്പണവുമായി കരുതിയ തലമുറയില്‍ ഇന്ന് ജീവിച്ചിരുന്ന വന്ദ്യവയോധികരുടെ മനസ്സുകളില്‍ ആ പഴയ പള്ളിയുടെ ചിത്രം തെളിമയോടെയുണ്ട്.
ആരാധന ആത്മസമര്‍പ്പണം പോലെ നിര്‍വ്വഹിച്ച തലമുറകളുടെ അന്ത്യവിശ്രമകേന്ദ്രം കൂടിയാണ് പള്ളിക്കു ചുറ്റുമുള്ള ഖബറുകള്‍. കേളികേട്ട പന്തലായനി തുറമുഖത്തിന്റെ ഭാഗമായിരുന്ന കടലൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് മുനമ്പത്തെ പള്ളി.
നിജീഷ് എം.ടി. എഴുതിയ ഈ കുറിപ്പിനോടുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…