കാലങ്ങളെ വേരുകള്‍ക്കടിയിലൊളിപ്പിച്ച പാലമരം, കടലില്‍ക്കുളിച്ച് കരയില്‍ തപസ്സിരിക്കുന്ന പോലെ ക്ഷേത്രം; മൂടാടിയുടെ പൈതൃകമായ ഉരുപുണ്യകാവിനെക്കുറിച്ച് നിജീഷ് എം.ടി. എഴുതുന്നു


 

നിജീഷ് എം.ടി. 

ഗുരുപുണ്യകാവ് വാമൊഴിവഴക്കത്താല്‍ ‘ഉരുപുണ്യകാവ്’ എന്നായതാണെന്ന് ഭാഷാ വൈജ്ഞാനികര്‍ പറയുന്നു. ജ്ഞാനവൃദ്ധന്മാരാരും ജിവിച്ചിരിപ്പില്ലാത്തതിനാല്‍ ആരോട് ചോദിക്കാന്‍?

അതിപുരാതനകാലം മുതല്‍ക്കേ പ്രകൃതിയെ ആരാധിച്ചിരുന്ന മനുഷ്യര്‍, ഭൂമിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊര്‍വരതയെ അമ്മയുടെ, ദേവീ യുടെ രൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്യാന്‍ തുടങ്ങി. പിന്നീട് സാമൂഹിക ജീവിതക്രമത്തില്‍ മാതൃദായകക്രമം നിലവില്‍ വന്നപ്പോള്‍ സ്ത്രീ ദൈവസങ്കല്പങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യവും കൈവന്നു. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനമെന്നതില്‍ നിന്നാണ് ശാക്തേയര്‍ കാളിയെ ആരാധിച്ചതെങ്കില്‍ ഭഗവതി സങ്കല്പമാവട്ടെ മാതൃത്വം, ശക്തി, ഭൂമി, സ്‌നേഹം, സംരക്ഷണം, ഐശ്വര്യം, വിദ്യ എന്നിവയിലുമായിരുന്നു.

ഹൈന്ദവ ആരാധനാമൂര്‍ത്തികളായ ശാക്തേയ ദേവതകളെയും, ആദിപരാശക്തിയെയും പൊതുവില്‍ സൂചിപ്പിക്കാനുയോഗിക്കുന്ന പദമാണ് ഭഗവതി.

പുരാതന കാലത്തെപ്പോഴോ കടലില്‍ നിന്നും മുങ്ങിക്കുളിച്ച് കരയ്ക്ക് കയറി തപസ്സിരിക്കുന്ന പോലെ ഒരു ക്ഷേത്രം,
ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം എന്ന ജലദുര്‍ഗ്ഗ ക്ഷേത്രം. കേരളത്തില്‍ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട 108 ദുര്‍ഗാ ക്ഷേത്രങ്ങളിലൊന്നാണ് ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രമെന്നാണ് വിശ്വാസിക്കപ്പെടുന്നത്. കേരളത്തില്‍ കടലിനു അഭിമുഖമായി ഏറ്റവുമടുത്തുള്ളതും, പിതൃബലിതര്‍പ്പണം നടക്കുന്നതുമായ ഏക ജലദുര്‍ഗ്ഗാക്ഷേത്രം ഉരുപുണ്യകാവ് ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രമാണ്.

കേളികേട്ട പന്തലായനി – കൊല്ലം തുറമുഖത്തിനും ധീര ദേശാഭിമാനി കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ കോട്ടയ്ക്കും ഇടയിലാണ്
പാറപ്പള്ളിയും, ഉരുപുണ്യകാവും, മുത്തായംകടപ്പുറവും, വളയില്‍ക്കടപ്പുറവും പിന്നെ ഓടോക്കുന്നും, വന്മുഖം,കടലുര്‍ എന്നീ തീരദേശ ഗ്രാമങ്ങളും.

മാലിക് ഇബ്‌നു ദിനാറും അനുയായികളും കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാളുടെ സഹായത്താല്‍ ആദ്യ മുസ്ലിംപള്ളി പണിതു, തുടര്‍ന്ന് പന്തലായനി കൊല്ലം കടല്‍ത്തീരത്തോട് ചേര്‍ന്ന് രണ്ടാമതായി പണിത പള്ളിയാണ് പാറപ്പള്ളി എന്നറിയപ്പെടുന്നത് തുടര്‍ന്ന് വിവിധ കാലങ്ങളിലായി കേരളത്തിന്റെ പശ്ചിമതീരപ്രദേശങ്ങളില്‍ പത്തോളം പള്ളികള്‍ സ്ഥാപിക്കുകയും, ഖാളിമാരെ നിയമിക്കുകയും ചെയ്യുകയുണ്ടായത് ചരിത്രം.

പാറപ്പള്ളി

പാറപ്പള്ളി

ഓടോക്കുന്നിന്റെ താഴ്വാരമായതും കടലിലേക്ക് ഇറങ്ങിക്കിടക്കുന്നതുമായ തീരദേശമാണ് കടലൂര്‍. മാലിക് ദിനാറിനും കൂട്ടര്‍ക്കും ശേഷമുള്ള കാലഘട്ടത്തിലെ മൂന്നാം തലമുറയിലെ പള്ളിയാവും കടലൂര്‍ ജുമാ മസ്ജിദ് എന്ന മുനമ്പത്തെ പള്ളി.

കടലൂര്‍ ജുമാമസ്ജിദിനെക്കുറിച്ച് നേരത്തെ കൊയിലാണ്ടിന്യൂസ് ഡോട്ട് കോമില്‍ എഴുതിയത് ഇവിടെ വായിക്കാം.

ബൗദ്ധകാലഘട്ടത്തിന്റെ ചില സൂചനകള്‍ ഉരുപുണ്യ ക്ഷേത്രപരിസരത്തുണ്ടായിരുന്നെങ്കിലും ഇന്നതെല്ലാം പുനഃപ്രതിഷ്ഠാന്തരം തരഭേദപ്പെടുത്തപ്പെട്ടു. ബൗദ്ധരെ കഴുവേറ്റം നടത്തി കേരളത്തില്‍ നിന്നും ഓടിച്ചതിന്റെ അടയാളങ്ങളില്‍ ചിലതായ ‘കഴുവേറ്റിക്കല്‍’ രൂപങ്ങള്‍ ക്ഷേത്രമുറ്റത്തെ പാലമരച്ചുവട്ടില്‍ തന്നെയുണ്ടായിരുന്നു.

ക്ഷേത്രമുറ്റത്തെ പാലമരം

ക്ഷേത്രമുറ്റത്തെ പാലമരം

ഇനിയൊരു പഠനത്തിന് സാധ്യതയൊന്നുമവശേഷിപ്പിക്കാതെ ആ ക്ഷേത്രപരിസരം പൗരാണികതയൊന്നും അവശേഷിപ്പിക്കാതെ മാറ്റത്തിന് വിധേയമായി. ക്ഷേത്രമുറ്റത്തെ പാലമരവും കാലത്തിന്റെ ഗതിവിഗതികള്‍ക്ക് മൂകസാക്ഷിയായുണ്ട്. ക്ഷേത്രമുറ്റമാകെ പടര്‍ന്നു പന്തലിച്ചാണ് പാലമരം, ഓരോ ഋതുഭേദങ്ങളിലും തളിര്‍ത്തും, ചില്ലകളില്‍ പച്ചിലകള്‍ നിറച്ചും, ഇലപൊഴിച്ചും പിന്നീട് മരച്ചില്ലകളാകെ പൂക്കള്‍ നിറച്ചും, തളിര്‍ത്തും, പൂത്തും കഴിഞ്ഞു പോയ ഋതുക്കളെത്ര?


പ്രഭുവിന്റെ കുന്ന് എന്ന് മൂടാടിക്കാര്‍ വിളിക്കുന്ന കടലൂര്‍ പുറമലക്കുന്ന് ശ്രീശൈലം കുന്നായതെങ്ങനെ? മൂടാടിയുടെ നഷ്ടപ്രതാപത്തിന്‍റെ ചരിത്രം അറിയാം, ഒപ്പം മാറ്റങ്ങള്‍ക്കായി നിലകൊണ്ട കെ.ബി.പ്രഭുവിനെയും; നിജീഷ് എം.ടി. എഴുതുന്നു


തന്നില്‍ നിന്നും ഞെട്ടറ്റ ഓരോ പൂവും കാറ്റില്‍ കറങ്ങിക്കറങ്ങി അമ്പല മുറ്റത്തേക്ക് പതിച്ചപ്പോഴും കാറ്റിനോടു് പരിഭവിക്കാതെ കാലങ്ങളെ വേരുകള്‍ക്കടിയിലൊളിപ്പിച്ച പാലമരം.
ഉരുപുണ്യകാവിനെയും, കടലിനേയും അറിഞ്ഞ്,
തിരകളടങ്ങാത്ത കടലിനെ നോക്കി എത്ര കാലമായിക്കാണും ഈ പാലമരമിങ്ങനെ മണ്ണിലുറച്ച് നില്പാരംഭിച്ചിട്ട്..?

ഉരുപുണ്യക്കുന്ന് കടലിലേക്ക് തള്ളിയിട്ട
വലിയ ഒരു ഉരുളന്‍ ചെങ്കല്ല് കടപ്പുറത്തെ പാറപ്പുറത്തിന്നും തലയെടുപ്പോടെയുണ്ട് ഉച്ചിയില്‍ കള്ളിമുള്‍ച്ചെടികളുമായി.
വാമൊഴിയായി കേട്ട കഥകളില്‍ ഈ കല്ലും ഒരു കഥാപാത്രമാണ്. തലയില്‍ ചുമടുമായി നടന്നു വരികയായിരുന്ന ഒരു മനുഷ്യനെ ശപിച്ച് കല്ലാക്കി മാറ്റിയ കഥ. കഥയിലെ കല്ലിനെ
പുലയങ്കല്ല് എന്ന് വിളിക്കപ്പെടുന്നു. ഓരോ ഗ്രാമത്തിലും ഓരോരോ കഥകളുണ്ടാവുമല്ലോ.

പുലയന്‍ കല്ലിന് അപ്പുറവും ഇപ്പുറവും പറമ്പുകളെ സംരക്ഷിച്ചിരുന്നതും,സമൃദ്ധമായി കണ്ടുവരുന്നതുമായ കൈതോലക്കാടുകള്‍ നശിച്ചു കൊണ്ടിരിക്കുന്നു. കുഞ്ഞുന്നാളില്‍ അനുവദിച്ചു കിട്ടിയ സ്വാതന്ത്യത്തിന്റെ അതിര്‍ത്തി ഈ കല്ലു വരെയായിരുന്നു.

ഉരുപുണ്യക്കുന്നിന്‍ ചരിവ് ഒരു ഭാഗത്ത് കടലിനെ തൊട്ടുരുമ്മുന്നു. കടപ്പുറത്തെ പറമ്പുകള്‍ തെങ്ങും, കവുങ്ങും തുടങ്ങി നാനാജാതി മരങ്ങളും നിറഞ്ഞ പുരയിടങ്ങളോട് കൂടിയ
ഒരു സാധാരണ ഗ്രാമം. തിരമാലകള്‍ തീരത്തെ കല്ലുകളില്‍ അലതല്ലി ചുറ്റിലും വെണ്‍നൂരകള്‍ തീര്‍ത്ത് കടലിലേക്ക് വലിയുന്നു. മലയില്‍ത്താഴ താഴെ പറമ്പു മുതല്‍ ഉണിച്ചിരം വീട്ടില്‍താഴെപ്പറമ്പ് വരെ വിശാലമായിക്കിടന്നിരുന്ന മണല്‍പ്പരപ്പ് ഇന്ന് ഉരുപുണ്യ കാവ് കടപ്പുറത്തിന്റെ ഗതകാല സ്മരണകളില്‍ മാത്രമാണ്.

മലയില്‍ത്താഴ താഴെ തുടങ്ങി ചെമ്പിലവളപ്പില്‍ താഴെയിലൂടെ ഉണിച്ചിരംവീട്ടില്‍ താഴെ വരെ പണ്ട് വിശാലമായിക്കിടന്നിരുന്ന പൂഴി മണല്‍പ്പരപ്പില്‍ പടര്‍ന്ന് പിടിച്ചിരുന്ന അടുപ്പുംവള്ളികളില്‍ (കടപ്പുറത്ത് കാണപ്പെടുന്ന ഒരു തരം വള്ളിച്ചെടി) നിറയെ ഇളം വൈലറ്റ് നിറമുള്ള പൂക്കളായിരുന്നു. പൂഴിമണ്ണില്‍ ചിലയിടങ്ങളില്‍ പച്ചോലത്തുച്ച് കുഴിച്ചിട്ടിരിക്കുന്നതും സാധാരണയായി കാണാമായിരുന്നു. പച്ചത്തേങ്ങത്തൊണ്ട് അഴുകാന്‍ (ചീയാന്‍ ) കുഴിച്ചിട്ടതിന്റെ അടയാളമായിരുന്നു അതെല്ലാം. അഴുകിയ തൊണ്ട് തല്ലുന്നതിന്റെ താളക്രമം ഉരുപുണ്യകാവ് ഉള്‍പ്പെടുന്ന മൂടാടി അംശം വെളക്കാട് ദേശത്തെ ഏതാണ്ടെല്ലാ കുടുംബങ്ങളുടെയും വരുമാനത്തെ നിര്‍ണ്ണിയിച്ചിരുന്നു. ഉരുപുണ്യകാവ് പ്രദേശത്തെ സ്ത്രീജനങ്ങളുടെ പ്രധാന തൊഴില്‍ ചകിരി പിരിക്കലായിരുന്നു.

കേരളത്തിന്റെ തീരദേശത്തുള്ള ധീവര വിഭാഗത്തില്‍ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് അരയന്മാര്‍. പരമ്പരാഗതമായി മത്സ്യബന്ധനം മുഖ്യ ജീവിതവൃത്തിയായുള്ള ഇവരില്‍ ബഹുഭൂരിപക്ഷവും ഹിന്ദുമതവിശ്വാസികളാണ്., തുറ അരയന്മാരോ, മുക്കുവ ജനസമൂഹമോ ഇല്ലാത്ത തീരദേശങ്ങളില്‍ ഒന്നാണ് ഇന്നും
ഉരുപുണ്യകാവ് കടപ്പുറം. കോയിമ്പറമ്പത്ത് താഴെ ഒരു നാടന്‍ പരമ്പരാഗത മത്സ്യബന്ധന തുറമുഖമാണെന്ന് ആലങ്കാരികമായി പറയുന്നതില്‍ തെറ്റുണ്ടാവില്ല.


നിജീഷ് എം.ടി. എഴുതിയ ഈ കുറിപ്പിനോടുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…