പിഷാരികാവിലേക്ക് ഉപ്പും ദണ്ഡ് വരവ് പുറപ്പെടുന്ന, ഏഴിലധികം കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന നന്തി കടലൂര്‍ വാഴവളപ്പില്‍ ഭഗവതി ക്ഷേത്രം; നിജീഷ് എം.ടി. എഴുതുന്നു


 

നിജീഷ് എം.ടി.

ജാതി-മതഭേദമന്യേ ജനങ്ങളുടെ സഹകരണത്താൽ ശ്രീ വാഴവളപ്പിൽ ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തികരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വേഴപ്പറമ്പത്ത് നാരായണൻ നമ്പൂതിരി നൽകിയ രൂപകൽപ്പനയിൽ കേരളീയ വാസ്തുശില്പ ഭംഗിയോടെ ‘പാട്ടുപുര’ മാതൃകയിൽ, പുറക്കാട് നാരായണൻ ആശാരിയും സംഘവും നവീകരിച്ച് നിർമ്മാണം പൂർത്തിയാക്കി. കരിങ്കൽ ശ്രീകോവിലിനുളളിൽ വാഴവളപ്പിൽ ഭഗവതി കടലൂർദേശദേവതയായി ഇനിയും വാഴും.

സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനമെന്നതിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചതെങ്കിൽ ഭഗവതി സങ്കല്പമാവട്ടെ മാതൃത്വം, ശക്തി, ഭൂമി, സ്നേഹം, സം‍രക്ഷണം, ഐശ്വര്യം, വിദ്യ എന്നിവയിലുമായിരുന്നു. ഹൈന്ദവ ആരാധനാമൂർത്തികളായ ശാക്തേയ ദേവതകളെയും ആദിപരാശക്തിയെയും പൊതുവിൽ സൂചിപ്പിക്കാനുയോഗിക്കുന്ന പദമാണ് ഭഗവതി.

കടലൂർ ദേശത്തെ ഓടേക്കുന്നിൻ്റെ താഴ്വാരം കടലിനോട് ചേർന്നാണ് കിടക്കുന്നത്. കൂടാതെ കടൽ, കരയിലേക്ക് കയറി ആവിക്കൽ തോട്ടിലെത്തുന്നു. ആ തോട് അകലാപ്പുഴയിൽ നിന്നും കടലിലേക്കുണ്ടായിരുന്ന ജലപാതയായി പ്രകൃതിതന്നെ രൂപപ്പെടുത്തുത്തിയതുമായിരുന്നു. ഞെട്ടിക്കരത്തോട് മുതൽ ആവിക്കൽ വരെ വിശാലമായിരുന്ന പറമ്പുകൾ അറബിക്കടലിൻ്റെ ദാനമെന്നോണമുള്ള ഉപ്പുപാടങ്ങളായിരുന്നു. ഇന്ന് അകലാപ്പുഴയിൽ നിന്നും ആവിക്കൽ വഴിയുണ്ടായിരുന്ന തോടും ഉപ്പുപാടങ്ങളും കടലൂർപ്പഴയിലെ ഓർമ്മകൾ മാത്രം.

തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതി വിഭജനമുണ്ടായ കാലം വന്നപ്പോൾ ഉപ്പളങ്ങളിൽ തൊഴിൽ ചെയ്തവർ ‘വേട്ടുവർ’ എന്നറിയപ്പെട്ടു. കടലൂർ ആവിക്കൽ പ്രദേശങ്ങളിൽ ധാരാളം വേട്ടുവക്കുടുംബങ്ങൾ ജീവിച്ചിരുന്നു. സമൃദ്ധമായ ഉപ്പളങ്ങൾ അവരുടെ ജീവനോപാധിയായി. ദരിദ്രരെങ്കിലും അദ്ധ്വാനശേഷി കൈമുതലായുണ്ടായിരുന്ന കടലൂരിലെ പുരാതന ജനത കടലിലും, കൃഷിയിലും, ഉപ്പളത്തിലും അന്നന്നത്തെ അന്നം കണ്ടെത്തി ജീവിച്ചു.

ആവിക്കൽ തോടിൻ്റെ ഇരുകരകളിലെയും ‘കഴുക്ക'(ഒരു തരം ചെടി) ധാരളമായി വളർന്നിരുന്നു. വറുതിയുടെ നാളുകളിൽ ‘കഴുക്ക’ ചെടിയുടെ കിഴങ്ങായിരുന്നു അവരുടെ ഭക്ഷ്യവസ്തു. കടലൂർദേശദേവതയെപ്പറ്റിയുള്ള നാട്ടറിവുകൾ ഉപ്പളങ്ങളിലെ വേട്ടുവ ജീവിതതാളക്രമങ്ങളിലുടെ തുടങ്ങുന്നു.

ഏതോ വറുതിക്കാലത്ത് വിശപ്പടക്കാൻ കഴുക്കാക്കിഴങ്ങ് ശേഖരിക്കാനിറങ്ങിയ വേട്ടുവരിൽ ചിലർ പറമ്പിലിരിക്കുന്ന ഭഗവതി സാന്നിധ്യം തിരിച്ചറിയുകയും, ആ ചൈതന്യത്തെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തുവെന്നാണ് കഥ. നൂറ്റാണ്ടുകൾക്ക് മുമ്പ് വാഴവളപ്പിൽ കുടുംബത്തിലെ മുൻഗാമികളായിരുന്നു ഭഗവതിക്ക് ഇരിക്കാനിടം നൽകിയവർ. ഇന്നും വേട്ടുവച്ചേരി ഭഗവതി ക്ഷേത്രം അഥവാ കടലൂർ വാഴവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൻ്റെ ഊരാഴ്മ അവകാശം വാഴവളപ്പിൽ കുടുംബക്കാർക്കാണ്.

വേട്ടുവരുടെ ഭഗവതി ഒരു ദേശത്തിൻ്റെ മുഴുവൻ ആരാധനാമൂർത്തിയായും കടലൂർദേശത്തിൻ്റെ മുഴുവൻ കാവൽപ്പൊരുളായി ദേശത്തിൻ്റെ ഭാഗ്യ- നിർഭാഗ്യങ്ങളെ നിയന്ത്രിച്ച ശക്തി വിശ്വാസമായും ജനമനസ്സുകളിൽ വളർന്നു. ഏഴിലമ്പാലയും ഇലഞ്ഞിയും കാഞ്ഞിരവും വളർന്ന് പടർന്ന വേട്ടുവശ്ശേരിക്കാവിനെപ്പറ്റിയും ഓടോക്കുന്നിൻ ചരിവുകളിലെ ദേശവാസികളുടെയും, നിർധനരായ കടലിൻ്റെ മക്കളുടെയും ആരാധനാമൂർത്തിയായും മാറിയ ഭഗവതിയുടെ വെളിച്ചപ്പെടലുമെല്ലാം കടലൂർദേശപ്പഴമയിലൂടെ ഇന്നും നിലനിൽക്കുന്ന വിശ്വാസങ്ങളും മിത്തുകളുമാണ്. ആടിപ്പതിന്നാലും, കർക്കിടകവാവും രണ്ടും ഒരുമിച്ചുവന്ന വിശേഷദിവസത്തിൽ വളയക്കടപ്പുറത്തുകാരുടെ പ്രത്യേക പ്രാർത്ഥനകളും പണ്ടുകാലത്തെ കടലൂർ, വളയക്കടപ്പുറത്തെ ഗ്രാമീണജനതയുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു.

വർഷങ്ങളായി ഒരു പ്രാദേശികജനത സ്വന്തം അധിവാസഭൂമികയിൽനിന്ന്‌ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നേടിയെടുത്ത പ്രായോഗിക ജീവിതപാഠങ്ങളും, ദൈവികആരാധനാ വിശ്വാസങ്ങളും കണ്ടും കേട്ടും പിൻതുടർന്നും കൈമാറിപ്പോരുന്നതായി ചിലതൊക്കെയുണ്ട കടലൂർദേശത്തിനും കാലത്തോട് പറയാൻ.

ഏതോ പുരാതന കാലത്ത് അങ്ങ് ദൂരെ, തെക്കൻ കൊല്ലം എന്ന രാജ്യത്തെ രാജകല്പനയാൽ എട്ട് വൈശ്യ കുടുംബങ്ങൾക്ക് സ്വദേശത്തു നിന്നും പലായനം ചെയ്യേണ്ടി വന്നു. അവരുടെ ആരാധനാമൂർത്തിയായ ഭഗവതിയെ ‘നാന്ദകം’ വാളിൽ ആവാഹിച്ചെടുത്ത് പത്തേമാരിയിൽ അവർ വടക്കോട്ട് യാത്രയായി. യാത്രയ്ക്കിടയില്‍ അസാധാരണമായ പ്രത്യേകത തോന്നിയ പന്തലായനി കൊല്ലത്ത് അവരുടെ പലായനം അവസാനിപ്പിച്ച് കരയ്ക്കിറങ്ങി. ഭഗവതിയെ പ്രതിഷ്ഠിക്കാനും തങ്ങള്‍ക്ക് സ്വൈര്യമായി താമസിച്ച് വ്യാപാരം നടത്തുവാനും എന്തുകൊണ്ടും യോജ്യമാണെന്ന് മനസ്സിലാക്കിയ അവര്‍ കുറുമ്പ്രനാട് രാജാവിന്റെ പ്രതിനിധി കോമത്ത് വാഴുന്നവരില്‍ നിന്ന്‍ ആനച്ചവിട്ടടിക്ക് ആമാടകൊടുത്ത് (ആനച്ചവിട്ടി = ഒരുതരം അളവ്, ആമാട = ഒരുതരം പൊന്ന്) സ്ഥലം വാങ്ങി ക്ഷേത്രവും, ശ്രീകോവിലിൽ ഭഗവതിയെ ആവാഹിച്ചു കൊണ്ടുവന്ന നാന്ദകവും വെച്ചാരാധിച്ചു. ആ വൈശ്യകുടുംബങ്ങള്‍ ക്ഷേത്രത്തിന് സമീപം തന്നെ എട്ടുവീടുകളിലായി താമസമുറപ്പിച്ചു. സ്വദേശത്തിൻ്റെ ഓർമ്മയിൽ അവർ ആ ക്ഷേത്രത്തിന് കൊല്ലം പിഷാരികാവ് എന്നുതന്നെ പേരിട്ടു. ഇങ്ങനെയാണ് ഐതിഹ്യമാലയിൽ കൊല്ലം ശ്രീ പിഷാരികാവ് ഭഗവതി ക്ഷേത്രത്തെ നാമറിഞ്ഞത്.

കടലൂർ വാഴവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന് മലബാറിലെ പുരാതന ക്ഷേത്രമായ കൊല്ലം ശ്രീ പിഷാരികാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പവുമായുള്ള ബന്ധത്തെപ്പറ്റി കടലൂർ മിത്തുകൾക്ക് പറയാനുണ്ട്.
മലബാറിലെ, കുറുമ്പ്രനാട് താലൂക്കിലെ പ്രധാന ഉത്സവമാണ് പന്തലായനി കൊല്ലത്തെ പിഷാരികാവ് കാളിയാട്ടം. കൊടിയേറ്റം മുതൽ തുടർന്നുള്ള എട്ട് ദിവസങ്ങൾ വിവിധ ദേശക്കാർ ആചാര വരവുകളായി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. ഭഗവതിക്ക് കാഴ്ചയായി ഇളനീരും ചെമ്പട്ടും വെള്ളിക്കുടയും. അവകാശമനുസരിച്ച് സമർപ്പിക്കാനുള്ളത് ക്ഷേത്രനടയിൽ സമർപ്പിക്കപ്പെടും. പ്രഭാതങ്ങൾ ലളിതാസഹസ്രനാമ ജപത്താൽ ഭക്തിസാന്ദ്രമാവുന്നു എല്ലാവർഷത്തെയും കാളിയാട്ട മഹോത്സവക്കാലം. ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, സോപാനസംഗീതം, തായമ്പക, കേളിക്കൈ, കൊമ്പ്‌പറ്റ്, കുഴൽപറ്റ്, പാഠകം. എന്നീക്ഷേത്ര കലാരൂപങ്ങൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്ന പകലുകളാണ് ഉത്സകാലം.


കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം തോളോട് ചേര്‍ന്ന് അറബിക്കടലിനെ കാത്ത വെള്ളിയാങ്കല്ലിന്റെ കഥ


ഭക്തിയുടെയും ആഹ്ലാദത്തിന്റെയും ഏഴ് രാപകലുകൾ. എട്ടാം നാൾ പിഷാരികാവിൽ പതിനായിരങ്ങൾ ഒത്തുകൂടുന്ന കളിയാട്ട ദിവസം. അന്ന് ക്ഷേത്രത്തിലേക്ക് എത്തുന്ന പ്രധാന ആചാരവരവുകളിൽ ഒന്നാണ് കടലൂരിലെ വേട്ടുവരുടെ ഉപ്പും ദണ്ഡ് വരവ്. ആ അവകാശം നൂറ്റാണ്ടുകൾക്ക് മുമ്പ് ലഭിച്ചത് കടലൂർ ദേശത്തെ വാഴവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിനാണ്. പിഷാരികാവിലെ ഉത്സവകൊടിയേറ്റ ദിവസം തന്നെയാണ് വാഴവളപ്പിൽ ക്ഷേത്രത്തിലെയും ഉത്സവക്കൊടിയേറ്റവും.

ഊരായ്മക്കാരും തണ്ടാന്മാരും ദേശക്കാരണവന്മാരും വേട്ടുവശ്ശേരിക്കാവിനെയും ഭഗവതിയെയും പരിപാലിച്ചു വന്നു. കാലം ഗതിവേഗത്താൽ മാറ്റങ്ങളിലേക്ക് കുതിക്കവെ കൽമണ്ഡപത്തിൽ നിന്നും പഴയ ക്ഷേത്രരൂപത്തിലേക്ക് മാറി. ജാതിഭേദമന്യേ വിശ്വാസികൾ ക്ഷേത്രാരാധനയ്ക്കായെത്തിച്ചേർന്നു. മഞ്ചക്കുനി, വാഴവളപ്പിൽ, നാരങ്ങോളി, തെക്കേമാടത്ത്, ഒറ്റകൈതയ്ക്കൽ, ആവിക്കോവുമ്മൽ കുടുംബക്കാർ ക്ഷേത്ര ഊരാഴ്മ, തണ്ടാൻ, ദോശക്കാരണവ സ്ഥാനീയരാണ്.

പണ്ടത്തെ ഉത്സവനാളുകൾ ഏഴിൽ അധികം കോമരങ്ങളുറഞ്ഞു തുള്ളിയിരുന്നു. ഒരു കാലത്ത് ലോകം മുഴുവനും ഈ സമ്പ്രദായമുണ്ടായതായി സൂചനയുണ്ട്. ഗ്രീസിലെ രാജാക്കന്‍മാര്‍ ദേവതകളുടെ വെളിപാട് ശ്രവിച്ചിരിക്കുന്നതായി ഗ്രീക്ക് പുരാണങ്ങളിലുണ്ട്. അലക്സാണ്ടര്‍ ചക്രവര്‍ത്തി അപ്പോളോ ദേവന്റെ കല്‍പ്പനകള്‍ ശ്രവിച്ചതായും, ഈഡിപ്പസ് രാജാവ് അപ്പോളോ ദേവന്റെ കല്‍പ്പനകളെ ഭയപ്പെട്ടതായും പരാമര്‍ശമുണ്ട്.


വെള്ളിയാംകല്ലിലെ അവസാന കപ്പല്‍ അപകടം, ശേഷം നാവികരെ കാത്ത കടലൂര്‍ പോയിന്‍റ് ലൈറ്റ് ഹൗസ്‌ | ഭാഗം രണ്ട് | നിജീഷ് എം.ടി.


ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചൈതന്യവുമായി സമരസപ്പെടുന്ന ഒരു ബന്ധമുണ്ട് കോമരങ്ങൾക്ക്, വെളിച്ചപ്പാടുകൾക്ക് ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവിയുടെ അനുഗ്രഹമുണ്ടായി തുള്ളുന്ന ചടങ്ങാണിതെന്നാണ് വിശ്വാസം. ചക്കപ്പൻ,പെരച്ചൻ, ചാത്തപ്പൻ, ഉണ്ണര, ബാലകൃഷ്ണൻ, ശ്രീധരൻ, കുമാരൻ എന്നിവർ ഇന്നലെകളിൽ കോമരം തുള്ളുന്നതിനു നിയുക്തരായവരായിരുന്നു. വെളിച്ചപ്പാട് കുളി കഴിഞ്ഞ് വെള്ളത്തുണി ധരിച്ച് അതിനു മുകളിലായി മൂന്ന് മീറ്റര്‍ നീളത്തില്‍ ചുവന്ന തുണി ഇടത്തേ തോളിലൂടെ വലത്തേ കൈക്കു താഴെവരെ വിലങ്ങനെ ധരിച്ചിരിക്കും. അരയില്‍ കിലുങ്ങുന്ന അരമണിയും കഴുത്തില്‍ തെച്ചിപ്പൂമാലയും ഇടതുകൈയില്‍ കങ്കണവും ഇട്ടിരിക്കും. വലതുകൈകൊണ്ട് വാളും ഇടതുകൈകൊണ്ട് ചിലമ്പും പിടിച്ചു നീളത്തിലുള്ള തലമുടി നെറ്റിയിലും പിറകിലുമായി വിരിച്ചിട്ടു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണംവച്ചു നടയിലെത്തുന്ന കോമരങ്ങൾ വാദ്യഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉറഞ്ഞ്തുള്ളും. ഭഗവതിയെ തന്നില്‍ ആവാഹിച്ച് കോമരം ഭക്തരുടെ ഭാവികാര്യങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്നത് മലബാറിലെ ക്ഷേത്രങ്ങളിലും തെയ്യക്കാവുകളിലും ഇന്നും കണ്ടുവരുന്നു. ചിലപ്പോള്‍ കോമരം വാളുകൊണ്ട് തന്റെതന്നെ ശിരസ്സില്‍ വെട്ടാറുമുണ്ട്. നെറ്റിയിലൂടെ രക്തമൊഴുകുന്ന, മഞ്ഞൾപ്പെടി മുറിവിലും മുഖത്തും വിയർപ്പിലും പടർന്ന കോമരങ്ങളെ, വെളിച്ചപ്പാടുകളെ പേടിച്ച കുട്ടിക്കാലം കടലൂർപ്പഴയുടെ ഓർമ്മകളിലുണ്ട്. ഇന്നും അത് തുടരുന്നു.

ഗ്രാമീണ ദേശക്കാരുടെ സ്വാഭാവികമായ ജീവിതശൈലിക്കുമേല്‍ വര്‍ണപൊലിമ വിരിയിക്കുന്നത് ക്ഷേത്രോത്സവങ്ങളാണെന്ന് പറയാം. കേവലം ഉല്ലാസവേളകള്‍ എന്നതിനപ്പുറം ദേശത്തിൻ്റെ ഉത്സവങ്ങള്‍ നാടിന്റെ സ്വന്തം കലാരൂപങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കാനുള്ള പരിശ്രമങ്ങളുമാണ്. കനലാട്ടം പോലെ നീറുന്ന തീച്ചുള കണക്കെയുള്ള വേനൽക്കാലം, കടലൂർഗ്രാമത്തിലെ രാപ്പകലുകൾ ഒരുപോലെ വിയർത്തു നിന്നാസ്വദിച്ച വർണ്ണാഭമായ ഉത്സവ കാഴ്ചകളായിരുന്നു ഓർമ്മകളിലൂടെ കടലൂർ ദേശക്കാർക്ക് പങ്കുവെക്കാനുണ്ടായിരുന്നത്.ഇന്നത്തെപ്പോലെ അന്നും ജാതി-മത വേർതിരിവില്ലാതെയുള്ള ദേശക്കാരുടെ ഒത്തൊരുമയിലാ യിരുന്നു ഓരോ ഉത്സവകാലവും. കുട്ടിച്ചാത്തൻ, നാഗകാളി, ഗുളികൻ, വസൂരിമാല, ഭഗവതി, പുക്കുടി, വെള്ളാട്ട് തുടങ്ങിയ തെയ്യങ്ങളും, കെട്ടിയാട്ടങ്ങളും,ചുറ്റുവിളക്കിൻ്റെ നിറദീപപ്രഭയിലെ ചെണ്ടമേളങ്ങളുടെ താളത്തിൽ ക്ഷേത്ര മുറ്റത്തേക്കെത്തുന്ന വിവിധ കുടുംബക്കാരുടെ അവകാശവരവുകളും, തിരുവങ്ങൂർ വള്ളിക്കണ്ടി ക്ഷേത്രത്തിൽ നിന്നുള്ള ആചാര വരവും, വട്ടക്കുണ്ടിൽ നിന്നുള്ള താലപ്പൊലി വരവുമടക്കം വർണാഭമായ ഉത്സവനാളുകളാണ് കടലൂർ വേട്ടുവച്ചേരിക്കാവിലെ വാഴവളപ്പിൽ ഭഗവതിക്ക്.


കാലങ്ങളെ വേരുകള്‍ക്കടിയിലൊളിപ്പിച്ച പാലമരം, കടലില്‍ക്കുളിച്ച് കരയില്‍ തപസ്സിരിക്കുന്ന പോലെ ക്ഷേത്രം; മൂടാടിയുടെ പൈതൃകമായ ഉരുപുണ്യകാവിനെക്കുറിച്ച് നിജീഷ് എം.ടി. എഴുതുന്നു


കടലൂർ ദേശത്തെ ഉപ്പളങ്ങളിൽ നിന്നും (വട്ടക്കുണ്ട് )വൃതശുദ്ധിയോടെ കുറുക്കിയെടുക്കുന്ന ഉപ്പ് തണ്ടാൻ വട്ടക്കൊട്ടയിൽ ഏറ്റുവാങ്ങും. പച്ചോല വെട്ടിവാട്ടി വെട്ടുവർ ചെറിയ കൊട്ടകൾ മടഞ്ഞ് ഉപ്പ് പൊലിക്കും. ആ ഉപ്പിൻ കൊട്ടകൾ പ്രത്യേക രീതിയിൽ പച്ചമുളയോട് ചേർത്തുകെട്ടിയ ഉപ്പുംതണ്ട് ചെമ്പട്ടിലും, കുരുത്തോലത്തോരണങ്ങളാലും അലങ്കരിച്ച് തണ്ടാൻ കുടുംബം ചുമലിലേറ്റി ചേണ്ടമേളത്തിൻ്റെ താളത്തിൽ ഉറഞ്ഞുതുള്ളുന്ന കോമരങ്ങളുടെ, വെളിച്ചപാടുകളുടെയും, അഴകോൽ കളിക്കാരുടെയും അകമ്പടിയോടെ കാളിയാട്ട ദിവസം പിഷാരികാവിലമ്മയുടെ കിഴക്കെ നടയിൽ വാഴവളപ്പിൽ ഭഗവതിയുടെ തിരുമുൽക്കാഴ്ച്ച തലമുറകൾ വാമൊഴിയായി കൈമാറി വന്ന വായ്ത്താരിയോടെ സമർപ്പിക്കുന്നു.

“ഭഗവതി തിരുമുമ്പിൽ ആകുന്നത്..

ഭഗവതിയെക്കൊണ്ട് സ്തുതിക്കമ്മള്,
ഭഗവതിയെക്കൊണ്ട് സ്തുതിച്ചാലത്
നാവിനും നന്ന് തനിക്കും നന്ന്,
നാവിൽ സരസ്വതിക്കേറ്റം നന്ന്…
പിന്നെയും ഭഗവതിക്കെന്തു വേണം..,
നാലുകാലുള്ളൊരു പീഠം വേണം,
നടയിൽ വരിക്കപ്പിലാവ് കൊത്താം… മുതുമുറി, കീഴ്മുറി
കണ്ടംപോക്കി…
നടുമുറി കൊണ്ടൊരു പീഠം കൊത്താം..

പിന്നെയോ ഭഗവതിക്കെന്തു വേണം..
നാലുകാലുള്ളൊരു പന്തൽ വേണം…,

ആൽ, അരയാലെരഞ്ഞിക്കൊമ്പ്…,
കന്നിരാശി മൂലയ്ക്കോ പാലത്തൂണ്…

വാഴവളപ്പിൽ ഭഗവതി ഉപ്പും തണ്ടും ഞാളിവിടെ ഒപ്പിക്കുന്നേ… ഒപ്പിക്കുന്നേ..
സന്തതിനാശം വരുത്തരുതേ…
നാരായണാ,ശിവാ നാരായണാ…

നാരായണായന്നെടുത്ത നാമം..
ഇപ്പോ ശിവാ എന്നും വെക്കാമ്മള്….”