ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരം പകര്‍ന്ന പാച്ചര്‍ മാസ്റ്റര്‍ക്ക് നാടിന്റെ സ്‌നേഹാദരം; നവമി ദിനാഘോഷം സംഘടിപ്പിച്ച് ഇരിങ്ങത്തങ്ങാടി ജനകീയ കൂട്ടായ്മ


ഇരിങ്ങത്ത്: നവമി ദിനാഘോഷം സംഘടിപ്പിച്ച് ഇരിങ്ങത്തങ്ങാടി ജനകീയ കൂട്ടായ്മ. നവമി ദിനത്തോടനുബന്ധിച്ച് പതിറ്റാണ്ടുകളോളം ഇരിങ്ങത്തെ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് അക്ഷരം പകര്‍ന്ന പാച്ചര്‍ മാസ്റ്റര്‍ക്ക് സ്‌നേഹാദരവും നല്‍കി.

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങത്ത് ജുമാ മസ്ജിദ് പള്ളി കമ്മിറ്റി പ്രസിഡന്റ് മടവന്‍ വീട്ടില്‍ അബ്ദുളളയും കുപ്പേരിക്കാവ് ക്ഷേത്ര സമിതി പ്രസിഡന്റ് സി.കെ നാരായണനും ചേര്‍ന്ന് പാച്ചര്‍ മാസ്റ്ററിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

സംഗീതജ്ഞനും ആകാശവാണി, ദൂരദര്‍ശന്‍ ആര്‍ട്ടിസ്റ്റുമായ സതീശന്‍ നമ്പൂതിരി നവമിദിനാഘോഷ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ ജനകീയ കൂട്ടായ്മ പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഇസ്മയില്‍ മരുതേരി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം എ.കെ കുട്ടികൃഷ്ണന്‍, സി.കെ നാരായണന്‍, ഹംസ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു

ജനകീയ കൂട്ടായ്മ സെക്രട്ടറി കേളപ്പന്‍ കാര്‍ത്തിക സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വള്ളില്‍ പ്രഭാകരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മലയാളം,തമിഴ്, ഹിന്ദി സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത രാവും അരങ്ങേറി.