മെയ് 20ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മെയ് 20ന് നടത്താൻ തീരുമാനിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. വ്യാഴാഴ്ച ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. 20ന് പ്രദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും.
രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് സിഐടിയു പ്രസ്താവനയിൽ പറഞ്ഞു. രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴുംപിന്തിരിപ്പൻ തൊഴിൽ കോഡുകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.
14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര– സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് –ഇൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നൽകിയിരിക്കുന്നത്. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം നല്‍കുക, ഇപിഎഫ് പെന്ഷന് കുറഞ്ഞത് 9,000 രൂപയാക്കുക തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Description: All India strike scheduled for May 20 has been postponed