പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി


പത്തനംതിട്ട: വിറക് കമ്പ് കൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭാര്യ. പത്തനംതിട്ട അട്ടത്തോട് സ്വദേശിയായ രത്നാകരനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്നു ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ഇരുവരും മദ്യ ലഹരിയിലായിരുന്നെന്നും ഇതേതുടർന്ന് വഴക്കുണ്ടായെന്നും പൊലീസ് പറയുന്നു. പ്രകോപിതയായ ശാന്തമ്മ വിറക് കമ്പ് കൊണ്ട് രത്‌നാകരന്റെ തലയ്‌ക്കടിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ രത്നാകരനെ നിലയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ചിറ്റാർ കൊടുമുടി സ്വദേശിയും വെസ്റ്റ് കോളനി ഓലിക്കൽ വീട്ടിൽ താമസക്കാരനുമായിരുന്നു രത്നാകരൻ. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ശാന്തമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.