തലശ്ശേരി-മാഹി ബൈപ്പാസിലൂടെ പോകാന്‍ എത്ര രൂപ ടോള്‍ നല്‍കണം? നിശ്ചയിച്ച നിരക്കറിയാം


തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസിലൂടെയുള്ള യാത്രയ്ക്ക് വാഹനങ്ങള്‍ നല്‍കേണ്ട ടോള്‍ നിരക്കുകള്‍ നിശ്ചയിച്ച് ദേശീയപാതാ അതോറിറ്റി. ബാലം പാലത്തിനും പള്ളൂര്‍ സ്പിന്നിങ് മില്‍ ജംഗ്ഷനുമിടയില്‍ കൊളശ്ശേരിക്ക് സമീപമാണ് ടോള്‍ പ്ലാസ സജ്ജമാക്കിയിരിക്കുന്നത്.

കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങള്‍ക്ക് ബൈപ്പാസ് കടക്കാന്‍ 65 രൂപയാണ് ടോള്‍ നിരക്ക്. ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യുകയാണെങ്കില്‍ 100 രൂപ മതി. ബസുകള്‍ക്കും ലോറിക്കും (2 ആക്സില്‍) ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ 335 രൂപയും നല്‍കണം. 8105 രൂപയ്ക്ക് പ്രതിമാസ പാസും ലഭ്യമാണ്.

3 ആക്സില്‍ വാഹനങ്ങള്‍ക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 4 മുതല്‍ 6 വരെ ആക്സിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 350 രൂപ നല്‍കണം. 7 ആക്സിലിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണ് നിരക്ക്. 50 യാത്രകള്‍ക്ക് 2195 രൂപ എന്ന തരത്തില്‍ പ്രതിമാസ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ടാക്സി വാഹനങ്ങള്‍ക്ക് 35 രൂപയും മിനി ബസുകള്‍ക്കും ചെറു വാണിജ്യ വാഹനങ്ങള്‍ക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയുമാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 160 രൂപയാണ് നിരക്ക്.

ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് 330 രൂപ നിരക്കില്‍ പ്രതിമാസ പാസ് നല്‍കും. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാനുള്ള കരാറുള്ളത്.

മാഹി, തലശ്ശേരി പട്ടണങ്ങളില്‍ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ 20 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകും എന്നതാണ് ബൈപ്പാസിന്റെ നേട്ടം. ഫാസ്റ്റ് ടാഗ് സംവിധാനം മുഖേനയാണ് ടോള്‍ അടയ്‌ക്കേണ്ടത്.