ഓണ്‍ലൈന്‍ ആയി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; സീറ്റ് ഉറപ്പാകാതെ ഇനി പണം നല്‍കേണ്ട, പോയ തുക റീഫണ്ട് ആവാന്‍ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പും വേണ്ട


ട്രെയിന്‍ യാത്രികര്‍ക്ക് ഏറെ ഉപകാര പ്രദമായ ഒരു മാറ്റവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഐ.ആര്‍.ടി.സി ഓട്ടോ പേ എന്ന പേരില്‍ അവതരിപ്പിച്ച പുത്തന്‍ ഫീച്ചര്‍ ഗുണകരമാവുന്നത് ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ്.

ഈ സംവിധാനം അനുസരിച്ച് ടിക്കറ്റ് ഉറപ്പായ ശേഷം മാത്രമേ യാത്രികര്‍ പണം നല്‍കേണ്ടതുള്ളൂ. അഥവാ ടിക്കറ്റ് റദ്ദായിപോയാലാവട്ടെ ഒട്ടും കാത്തിരിക്കേണ്ട കാര്യമില്ല, യാത്രികരുടെ പണം ഉടൻ തന്നെ തിരികെ ലഭിക്കും. ഐആർസിടിസി വെബ്‌സൈറ്റിലും ആപ്പിലും ഒരുപോലെ ഓട്ടോ പേ സൗകര്യമുണ്ട്.

 ഓട്ടോ പേ സൗകര്യത്തിന്റെ വിശദവിവിരങ്ങള്‍

ഐആർസിടിസിയുടെ ഐ പേ പേയ്‌മെൻ്റ് ഗേറ്റ്‌വേയിൽ ആണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഐ പേ പേയ്‌മെൻ്റ് ഗേറ്റ്‌വേയുടെ ‘ഓട്ടോ പേ’ ഫീച്ചർ , യുിപിഐ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് പേയ്‌മെൻ്റുകൾ നടത്തുന്നത് ഏറെ എളുപ്പത്തിലാക്കുകയും സമയം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതുവരെ വലിയ പണം മുടക്കി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്താല്‍ പോലും ടിക്കറ്റ് ബുക്കിങ്ങ് ഉറപ്പാവാത്ത സാഹചര്യത്തില്‍ റീഫണ്ടിനായി നിങ്ങൾ മൂന്നോ നാലോ ദിവസം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഇനി ഓട്ടോ പേ ഉപയോഗിച്ച് നിങ്ങളുടെ കൈയ്യില്‍ നിന്ന് പോയ ടിക്കറ്റ് തുക നിമിഷ നേരം കൊണ്ട് തന്നെ തിരികെ കിട്ടും. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്തിയാല്‍ നിങ്ങൾക്ക് ട്രെയിനിൽ സീറ്റ് കണ്‍ഫേം ആവാന്‍ സാധ്യതകൂടുതലാണ്.

എങ്ങനെ ഓട്ടോ പേ ഫീച്ചര്‍ ഉപയോഗപ്പെടുത്താം

1. വെബ്സൈറ്റിലേക്കോ ആപ്പിലേക്കോ പോയി നിങ്ങളുടെ യാത്രാ വിവരങ്ങള്‍, യാത്രക്കാരുടെ വിശദാംശങ്ങൾ എന്നിവ പൂരിപ്പിച്ച് നല്‍കുക.

2. തിരഞ്ഞെടുത്ത ബെർത്ത് ഓപ്ഷന് വേണ്ടിയുള്ള പേയ്‌മെൻ്റിനായി ഉചിതമായ ബട്ടൺ തിരഞ്ഞെടുക്കുക.

3. ഐ പേ എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഉൾപ്പെടെ നിരവധി പേയ്‌മെൻ്റ് ഗേറ്റ്‌വേകൾ ഉണ്ടാകും, അതിൽ ക്ലിക്ക് ചെയ്യുക.

4. ക്ലിക്കുചെയ്യുമ്പോൾ, ഒരു പുതിയ പേജ് തുറക്കും. ഇതിൽ ഓട്ടോപേ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഐആർസിടിസി ക്യാഷ്, നെറ്റ് ബാങ്കിംഗ് തുടങ്ങി നിരവധി പേയ്‌മെൻ്റ് ഓപ്ഷനുകൾ ഉണ്ടാകും .

5. അതില്‍ ഓട്ടോപേ തിരഞ്ഞെടുക്കുക, ഈ ഓട്ടോപേ ഓപ്ഷനിൽ നിങ്ങൾക്ക് UPI, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിങ്ങനെ 3 ഓപ്ഷനുകൾ ലഭിക്കും . ഇതിൽ ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.

6. പിന്നീട് നിങ്ങളുടെ ടിക്കറ്റ് ഉറപ്പാകുമ്പോള്‍ മാത്രമേ നിങ്ങളുടെ പണം ഡെബിറ്റാകുകയുള്ളൂ.