‘തോരാതെ പെയ്യുന്ന മഴ അപഹരിക്കുന്നത് വീടെന്ന സ്വപ്നത്തെ’; കനത്ത മഴയിൽ മേപ്പയൂരിൽ രണ്ട് വീടുകൾ ഭാ​ഗികമായി തകർന്നു


പേരാമ്പ്ര: മഴപെയ്യുമ്പോൾ ജനങ്ങളുടെ മനസിൽ ആധിയാണ് എന്താണ് സംഭവിക്കുകയെന്ന് ആലോചിച്ച്. പുഴയോരങ്ങളിലുള്ളവർക്ക് പുഴ കരകവിയുമോ എന്നാണെങ്കിൽ അല്ലാത്തവർക്ക് കാറ്റിലും മഴയിലും മരങ്ങളുൾപ്പെടെയുള്ളവ കടപുഴകി വീഴുമോയെന്നാണ്. മഴ തിമർത്ത് പെയ്യുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിരുന്നു. ശക്തമായി പെയ്യുന്ന മഴ അപഹരിക്കുന്നത് സമ്പാദ്യത്തിൽ നിന്ന് കൂട്ടിവെച്ച് സ്വന്തമാക്കുന്ന വീടെന്ന വലിയ സ്വപ്നത്തെകൂടിയാണ്. ഔ​ദ്യോ​ഗിക കണക്കനുസരിച്ച് ദിനംപ്രതി പത്തോളം വീടുകളാണ് മഴയിൽ തകരുന്നത്. അനൗദ്യോ​ഗികമായി എണ്ണം ഇനിയുമേറും.

ഇന്നും മഴക്കെടുതികൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേപ്പയ്യൂരിൽ രണ്ടിടങ്ങളിലാണ് വീട് ഭാ​ഗികമായി തകർന്നു. കനത്ത മഴയിൽ വീടിന്റെ ഭാ​ഗം ഇടിഞ്ഞ് വീഴുകയായിരുന്നു. രണ്ട് അപകടത്തിലും ആളപായമില്ല.

മേപ്പയ്യൂരിലെ രണ്ടാo വാർഡിൽ താമസിക്കുന്ന കരിങ്ങാറ്റിമ്മൽ നാരായണിയുടെ വീടിന്റെ അടുക്കളഭാ​ഗമാണ് മഴയിൽ തകർന്ന് വീണത്. കൊച്ചുകുട്ടികളുൾപ്പെടയുള്ളവർ ഇവിടെ താമസിക്കുന്നുണ്ട്. വീടിനിയും തകരുമോയെന്ന ഭീതിയിൽ നാരായണിയും കുടുംബവും മറ്റൊരു വീട്ടിലേക്ക് താമസം മാറി.

പഞ്ചായത്തിലെ 12-ാം വാർഡിലെ ചെറുകുന്നുമ്മൽ ജാനുവിന്റെ വീടിന്റെ ഒരുഭാ​ഗം മഴയിൽ തകർന്നു വീണു. ഇന്ന് പുലർച്ചെയാണ് സംഭവം. കാൻസർ രോ​ഗിയായ ജാനു ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്.

ജില്ലയിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂന മർദ്ദ പാത്തിയുമാണ് കാലവർഷക്കാറ്റുകളെ ശക്തമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് 50 ക്യൂബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ ആരംഭിച്ചത്. ഇരുഷട്ടറുകളും 15ല്‍ നിന്നും 30 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തി. പ്രദേശത്ത് ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു കാരണവശാലും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ല.

Summary: Due to heavy rain two houses distroyed in Meppayur