കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു; സമരപരിപാടികളുമായി സംഘടനകൾ


കൊയിലാണ്ടി: ജില്ലാ സ്പോർട്സ് കൗൺസിലുമായുണ്ടാക്കിയ 25 വർഷക്കാലത്തെ പാട്ടക്കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിൽ കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കായികപ്രേമികളും ജനപ്രതിനിധികളും വിവിധ സംഘടനകളുമെല്ലാം ഈ ആവശ്യവുമായി സമരത്തിന് ഒരുങ്ങുകയാണ്.

ഈ ആവശ്യമുന്നയിച്ച് എ.കെ.ജി സ്പോർസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ജനുവരി 22 ന് വൈകീട്ട് കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിക്കും. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയും നഗരസഭ ചെയർപേഴ്സനും മറ്റ് ജനപ്രതിനിധികളും കായികപ്രേമികളുമെല്ലാം ധർണ്ണയിൽ അണിനിരക്കുമെന്ന് എ.കെ.ജി സ്പോർട് സെൻ്റർ പ്രസിഡണ്ട് അഡ്വക്കറ്റ് എൽ.ജി.ലിജീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി സ്റ്റേഡിയം കൊയിലാണ്ടിക്കാർക്ക് ഉപയോഗിക്കാൻ കഴിയണമെന്നും അവിടെ കായിക താരങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയണമെന്നും ലിജീഷ് പറഞ്ഞു. ജനുവരി 23 ന് ഇതേ ആവശ്യവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബോയ്സ് ഹൈസ്കൂളിൽ ബഹുജന കൺവൻഷൻ വിളിച്ചു ചേർത്തിട്ടുണ്ട്. ഭാവി പ്രക്ഷോഭപരിപാടികൾ കൺവൻഷനിൽ തീരുമാനിക്കുമെന്നാണ് സംഘാടകർ പറയുന്നത്.

കൊയിലാണ്ടിയുടെ കായിക വളർച്ചയ്ക്ക് നിരവധി സംഭാവനകൾ നൽകിയ കൊയിലാണ്ടി നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതും ബോയ്സ് ഹൈസ്കൂൾ മൈതാനം എന്ന് അറിയപ്പെടുന്നതുമായ കൊയിലാണ്ടി സ്റ്റേഡിയം കഴിഞ്ഞ 25 വർഷക്കാലമായി പാട്ടക്കരാർ വ്യവസ്ഥയിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അധീനതയിലായിരുന്നു. ഈ കാലയളവിൽ കായിക വളർച്ചയ്ക്കോ, കായിക താരങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിലോ കാര്യമായൊന്നും ചെയ്യാൻ സ്പോർട്സ് കൗൺസിലിന് സാധിച്ചിട്ടില്ല എന്നാണ് കൊയിലാണ്ടിയിലെ കായിക താരങ്ങളും കായിക പ്രേമികളും ഒന്നടങ്കം പറയുന്നത്. 25 വർഷത്തെ പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറുക എന്ന ആവശ്യവുമാണ് ഇപ്പോൾ ശക്തമായി ഉയർന്നു വരുന്നത്.