കേരളത്തിന് അഭിമാനം; പ്രധാനമന്ത്രിയുടെ ‘പരീക്ഷാ പേ ചര്‍ച്ച’യ്ക്ക് അവതാരകയായി എത്തുന്നത് കോഴിക്കോട് സ്വദേശിനി


കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി ഒരുക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ ഇത്തവണ അവതാരകയായി എത്തുന്നത് മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കോട്ടൂളി സ്വദേശി മേഘ്‌ന എന്‍ നാഥിനാണ് അപൂര്‍വ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി പരീക്ഷാ പേ ചര്‍ച്ചയുടെ അവതാരകയായി എത്തുന്നത്. ഡല്‍ഹിയില്‍ വച്ച് ഈ മാസം 29നാണ് പരിപാടി. പരീക്ഷകളെ എങ്ങനെ നേരിടാം, സമ്മര്‍ദ്ദങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും.

മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ അടിസ്ഥാനമാക്കിയായിരുന്നു അവതാരകയ്ക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പ്. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിമുഖങ്ങളും നടന്നു. ശേഷമായിരുന്നു മേഘ്‌നയെ തിരഞ്ഞെടുത്തത്. വാരണസിയില്‍ നിന്നുള്ള അനന്യ ജ്യോതിയാണ് മറ്റൊരു അവതാരക.

രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷം പത്താം തരത്തില്‍ ഏറ്റവും അധികം മാര്‍ക്ക് മേഘ്‌നയ്ക്കായിരുന്നു. ഒപ്പം യൂത്ത് പാര്‍ലമെന്റിന്റെ സംസ്ഥാന, ദക്ഷിണേന്ത്യ തല മത്സരങ്ങളിലെ ഇത്തവണത്തെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡും ലഭിച്ചിരുന്നു. പരിപാടിയുടെ ഭാഗമായുള്ള പരിശീലനത്തിനായി മേഘ്‌ന ഇന്ന് ദില്ലിയിലേക്ക് തിരിക്കും.