‘കൈകൾ കോർത്ത് ചങ്ങലയിൽ നിൽക്കണം’; ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയില്‍ വീൽചെയറിൽ നിന്നെഴുന്നേറ്റ് കണ്ണിയായി മൂടാടിയിലെ രജത് വിൽസന്‍


മൂടാടി: “വീല്‍ചെയറിൽ ഇരുന്ന് പങ്കെടുത്താൽ പോര…എനിക്ക് കൈകൾ കോർത്ത് ചങ്ങലയിൽ നിൽക്കണം “കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ഇന്നലെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തുകൊണ്ട് മൂടാടിയിലെ രജത് അച്ഛന്‍ വിൽസനോട് പറഞ്ഞ വാക്കുകളാണിത്. കേരളം ഒറ്റക്കെട്ടായി ഒരു മനസായി മനുഷ്യമതില്‍ തീര്‍ത്തപ്പോള്‍ ആ പോരാട്ടത്തില്‍ നിന്ന് രജത് എങ്ങനെ മാറി നില്‍ക്കാനാണ്‌.

സെറിബ്രല്‍ പാള്‍സി രോഗബാധിതനായ രജത് ഇതാദ്യമായല്ല പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത്. മൂടാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രഡിഡന്റ് ശങ്കരന്‍ വൈദ്യരുടെ കൊച്ചുമകനും മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അച്ഛന്റെയും രാഷ്ട്രീയ പ്രവര്‍ത്തനം കണ്ടുകൊണ്ടാണ് രജത് വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ കുഞ്ഞുനാളിലെ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തനവും ഈ ചെറുപ്പക്കാരന് പരിചയമാണ്.

മനുഷ്യച്ചങ്ങലയെക്കുറിച്ച് ആദ്യം അറിഞ്ഞപ്പോള്‍ തന്നെ അച്ഛനോട് തനിക്കും അതില്‍ പങ്കാളിയാവണമെന്ന് രജത് പറഞ്ഞിരുന്നു. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കുന്ന മകന്റെ ആഗ്രഹത്തിനൊപ്പം അമ്മ നിഷയും അച്ഛനും പൂര്‍ണ പിന്തുണ നല്‍കി. കുടുംബസമേതമാണ് വിൽസന്‍ ഇന്നലെ ചരിത്ര പോരാട്ടത്തില്‍ കണ്ണികളാവാന്‍ മൂടാടിയിലെത്തിയത്. പരിപാടിക്കിടെ കൈകൊടുത്ത് സഖാക്കള്‍ രജത്തിനെ സ്വീകരിച്ചു.

പയ്യോളി ഗവണ്‍മെന്റ് സ്‌ക്കൂളില്‍ നിന്നും പത്താം ക്ലാസും പ്ലസ് ടുവും പൂര്‍ത്തിയാക്കിയ രജത്തിന്‌ വീല്‍ചെയറിന്‌റെ സഹായത്തോടെ പോവാന്‍ പറ്റുന്നിടത്തൊക്കെ പോയി കാഴ്ചകള്‍ കാണണമെന്നാണ് ആഗ്രഹം. ഒപ്പം ഒരു ജോലിയും ഈ യുവാവിന്റെ വലിയ സ്വപ്‌നമാണ്.