കാത്തിരിപ്പിന് വിരാമം; കൊയിലാണ്ടി സബ്ട്രഷറി കെട്ടിടം ശിലാസ്ഥാപനം ഏപ്രില്‍ 29 ന്
കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി കെട്ടിടം ശിലാസ്ഥാപനം ഏപ്രില്‍ 29 ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും.
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ എം.പി ഷാഫി പറമ്പില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ട്രഷറിവകുപ്പ് ഡയറക്ടര്‍ വി.സാജന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തും.
കൊയിലാണ്ടി കോടതിവളപ്പില്‍ പഴയ ട്രഷറി കെട്ടിടത്തിന്റെ സ്ഥാനത്താണ് 2 കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കൊയിലാണ്ടി കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ പുതിയ ട്രഷറി കെട്ടിടം നിര്‍മ്മിക്കാന്‍ 1.5 കോടി രൂപ അനുവദിച്ചത്. അതിന്റെ ഭാഗമായി അരങ്ങാടത്ത് വാടക കെട്ടിടത്തിലാണ് നിലവില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്.
ട്രഷറി ടൗണില്‍ നിന്ന് പുറത്തായതും കെട്ടിടത്തിന്റെ രണ്ടാം നിലയിലായതും ട്രഷറിയില്‍ എത്തുന്നവര്‍ക്ക് പ്രത്യേകിച്ച് പെന്‍ഷനേഴ്‌സിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കൊയിലാണ്ടി നഗരത്തിലെ ടൗണ്‍ പ്ലാനിങ്ങുമായി ബന്ധപ്പെട്ടുണ്ടായ ചില അനിശ്ചിതത്വം മൂലം കെട്ടിട നിര്‍മ്മാണം വൈകാന്‍ കാരണമായിരുന്നു.