പഴകിയ ഷവർമ, പുഴുവരിച്ച കാരക്ക, എക്സ്പയറി കഴിഞ്ഞ പാൽ; കോഴിക്കോട് ജില്ലയിൽ നടക്കാവ് ഈസ്റ്റിലെ കഫെ 150 + ഉൾപ്പെടെ പത്തു സ്ഥാപനങ്ങൾക്കെതിരെ നടപടി; പരിശോധന കർശനമായി തുടരുന്നു


കോഴിക്കോട്: വ്യത്തിഹീനവും, മായം ചേർത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ജില്ലയിൽ പരിശോധന ശക്തമായി തുടരുന്നു. ഇന്ന് കോഴിക്കോട് കോടഞ്ചേരി ,കായണ്ണ ,കോഴിക്കോട് സൗത്ത്, നടക്കാവ് എന്നിവിടങ്ങളിലായി 35 സ്ഥലങ്ങളിലായാണ് പരിശോധനകൾ നടന്നത്.10 കടകൾക്കെതിരെ കോംപൗണ്ടിങ് നടപടി സ്വീകരിച്ചു . ഒരു സ്ഥാപനത്തിന് ഇമ്പ്രൂവ് മെന്റ് നോട്ടീസ് നൽകി.

നടക്കാവ് ഈസ്റ്റിലെ കഫെ 150 +, മൈക്കാവ് ബ്രതെഴ്സ് ഫിഷ് സ്റ്റാളിൽ മൈക്കാവ്, തോട്ടത്തിൻ കടവിൽ താത്താസ് ഹോട്ടൽ, അനില ഹോട്ടൽ, ഹുസൈൻ കാസ് ഹോട്ടൽ, കടവ് ഫിഷ് മാർക്കറ്റ്, അയ്മുട്ടിക്കായി ഫ്രഷ് ഫിഷ്, കെ.എൽ ഫ്രൂട്സ് കുന്നമംഗലം, ഗ്രിൽ ബേ കട്ടാങ്ങൽ എന്നീ സ്ഥാപനങ്ങൾക്കാണ് കോംപൗണ്ടിങ് നടപടികൾക്ക് വിധേയമാക്കിയത് .ഷെഡ്യൂൾ IV പ്രകാരം ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കാത്തവർക്കോ ലൈസൻസ് ഇല്ലാത്തവർക്കോ ആണ് ഈ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.

തടമ്പാട്ടു താഴത്തു പ്രവർത്തിക്കുന്ന ഹോട്ട് ബണ്സ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ ഷവർമ, ചിക്കൻ, ഏക്സ്‌പയറി കഴിഞ്ഞ പാൽ , പഴകിയ ഉപ്പിലിട്ടവ അച്ചാർ എന്നിവ നശിപ്പിച്ചു .കെ.എൽ ഫ്രൂട്സ് എന്ന സ്ഥാപനത്തിൽ നിന്നും പുഴുവരിച്ച കാരക്ക കണ്ടെടുത്തു. ഇവയെല്ലാം നശിപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് 253 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 9 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 717 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി അറിയിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യമാണ് നശിപ്പിച്ചത്. ഇതുവരെ 4169 പരിശോധനകളില്‍ 2239 സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 89 പേര്‍ക്ക് നോട്ടീസ് നല്‍കി. സംഥാനമൊട്ടാകെ പരിശോധന കർശ്ശനമായി തുടരുന്നു.