രാജ്യത്തിനായി കരുതി, പോരാടി, ജീവൻ നൽകി; ചേമഞ്ചേരിക്കാരൻ സൈനികൻ നായിബ് സുബൈദാർ ശ്രീജിത്തിന് ശൗര്യചക്ര നൽകി രാജ്യത്തിന്റെ ആദരവ് (വീഡിയോ കാണാം)


ചേമഞ്ചേരി: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ നായിബ് സുബേദർ എം ശ്രീജിത്തിന് ശൗര്യചക്ര നൽകി രാജ്യത്തിന്റെ ആദരം. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശൗര്യചക്ര അവാർഡ് ശ്രീജിത്തിന്റെ ഭാര്യയും അമ്മയും ഏറ്റുവാങ്ങി. ചേമഞ്ചേരിക്കും കുടുംബാംഗങ്ങൾക്കും അഭിമാനമായ മുഹൂർത്തത്തിന് ശ്രീജിത്തിന്റെ മാതാപിതാക്കളായ വത്സൻ, ശോഭ, ഭാര്യ ഷിജിന, മക്കൾ തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ നൽകിയ മകന്റെ പിതാവായതിൽ അഭിമാനമുണ്ടെന്ന് ശ്രീജിത്തിന്റെ അച്ഛൻ വത്സൻ അവാർഡ് പ്രഖ്യാപന സമയത്ത് കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞിരുന്നു. രാജ്യം മകനെ ആദരിച്ചതിൽ ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021 ജൂലൈ എട്ടിനാണ് കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടയിൽ ശ്രീജിത്ത് വീരമൃത്യുവരിച്ചത്. സർവീസിലിരിക്കെ സേനാമെഡലും ശ്രീജിത്തിന് ലഭിച്ചിരുന്നു. രാഷ്ട്രപതിയുടേതുൾപ്പെടെ 23 പുരസ്‌കാരങ്ങളും നേടിയിരുന്നു. ശത്രുസേനയുടെ മുനയൊടിക്കുന്നതിൽ ശ്രീജിത്ത് എന്നും മുന്നിലായിരുന്നു.

20 വർഷം മുമ്പ് കന്യാകുമാരി സ്വദേശി ഡേവിഡ് രാജുവിനോടൊപ്പം ചേർന്ന് റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ബോംബ് വർഷിച്ച് മൂന്ന് പാക് ഭീകരരെ അദ്ദേഹം വധിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യഭാഗമായുള്ള ഇന്ത്യൻ സൈനിക സംഘത്തിൽ അംഗമായിരുന്നു.

വീഡിയോ കാണാം: