Fact Check: ”പേരാമ്പ്രയില്‍ സ്വത്തിനുവേണ്ടി പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍”; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ വസ്തുത അറിയാം


കൊയിലാണ്ടി: കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യമുണ്ട്. ഒരു വയോധികനെ യുവാവ് മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍. ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ പേരാമ്പ്രയിലേത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

‘ പേരാമ്പ്രയില്‍ സ്വത്തിന്റെ പേരില്‍ വയോധികനെ മകന്‍ അന്ധമായി മര്‍ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍. പിതാവിന്റെ മരണശേഷം സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മകനെ പൊലീസ് അറസ്റ്റു ചെയ്തു’ എന്ന തരത്തിലാണ് പ്രചരണം. പേരാമ്പ്രയില്‍ ഇങ്ങനെയൊരു സംഭവം നടന്നോ? വസ്തുത അറിയാം.

കേരളത്തിലോ കോഴിക്കോട് ജില്ലയിലോ നടന്ന സംഭവമല്ല ഇത്. തമിഴ്‌നാട്ടിലെ പേരമ്പല്ലൂര്‍ എന്ന ജില്ലയില്‍ നടന്ന സംഭവത്തെയാണ് പേരാമ്പ്രയിലേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. പേരമ്പല്ലൂര്‍ എന്ന സ്ഥലപ്പേരും പേരാമ്പ്രയും തമ്മിലുള്ള സാമ്യമാവാം ഇത്തരമൊരു വ്യാജ പ്രചരണത്തിന് വഴിവെച്ചത്.

മകന്‍ പിതാവിനെ മര്‍ദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ മകനെ പേരമ്പല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തുവെന്ന് ദൃശ്യങ്ങളുടെ സ്‌ക്രീന്‍ഷോട്ട് നല്‍കിക്കൊണ്ട് ഇന്നലെ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു അടക്കം പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറുപതുകാരനായ കുലൈന്തവേലുവാണ് മര്‍ദ്ദനത്തിന് ഇരയായത്. ഫെബ്രുവരി 16 പേരമ്പല്ലൂരിലെ കൈകുളത്തൂരിലെ കുലൈന്തവേലുവിന്റെ വീട്ടില്‍ നടന്ന സംഭവമാണ് പേരാമ്പ്രയിലേത് എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത്.

മര്‍ദ്ദിക്കപ്പെട്ട വയോധികന്‍ അടുത്തിടെ മരിച്ചിരുന്നു. മര്‍ദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇയാളുടെ മകന്‍ കെ.സന്തോഷിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.