അപകടങ്ങൾ ഏതായാലും മൂടാടിക്കാർക്ക് താങ്ങായി ഇനി അവരുണ്ടാകും; ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത നിവാരണ സേന ഒരുങ്ങി


മൂടാടി: അപകടങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്താൻ മൂടാടിയിൽ ഇനി ദുരന്ത നിവാരണ സേനയുണ്ടാകും. ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് ദുരന്ത നിവാരണ പ്ലാൻ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ കർമ്മ പദ്ധതി പഞ്ചായത്തിൽ തയ്യാറാക്കിയിരുന്നു. ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധ മാർഗങ്ങൾ തയ്യാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 100 പേരടങ്ങുന്ന വളണ്ടിയർ ഗ്രൂപ്പാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. സേനാം​ഗങ്ങൾക്കുള്ള പരിശീലനവും ആരംഭിച്ചു.

ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്ത നിവാരണം തുടങ്ങിയ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം ആരംഭിച്ചു. സേവന സന്നദ്ധരായ പുരുഷന്മാരെയും സ്ത്രീകളെയും അണിനിരത്തിയാണ് ദുരന്ത നിവാരണ സേന രൂപീകരിച്ചത്. ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഡന്റിറ്റി കാർഡുകളും നൽകും.

ദുരന്തനിവാരണ സേനാം​ഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ചടങ്ങിൽ പ്രസിഡൻറ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ.ഭാസ്കരൻ, എം.പി.അഖില, പഞ്ചായത്തംഗങ്ങളായ കെ.സുമതി, റഫീഖ് പുത്തലത്ത്, ടി.എം.റജുല, പപ്പൻ മൂടാടി എന്നിവർ നേതൃത്വം നൽകി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.കെ മോഹനൻ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ, ഫയർ ഓഫീസർമാരായ ടി.പി.ഷിജു, നിഥിൻ രാജ് എന്നിവർ പരിശീലനം നൽകി.

Summary: Emergency management team started in Mudadi