സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം


കോഴിക്കോട്: കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. ദേശീയ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കാരണം. ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

വൈകീട്ട് 6:30 നും രാത്രി 11:30 നും ഇടയിലാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. 15 മിനുറ്റായിരുന്നു നിയന്ത്രണം. നഗരങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യ സേവനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാൽ നഗരങ്ങൾ എന്നതിന് വ്യക്തമായ നിർവ്വചനം അധികൃതർ പറയാത്തതിനാൽ ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇന്നും സമാനമായ ഇളവുകൾ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകള്‍ക്കു പുറമേ മുനിസിപ്പാലിറ്റികളെയും പരമാവധി ഒഴിവാക്കാനാണു ശ്രമമെങ്കിലും വൈദ്യുതി ലഭ്യത അനുസരിച്ചാകും തീരുമാനം.

ആന്ധ്രയില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതിയെത്തുകയും കോഴിക്കോട് താപനിലയം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനകം വൈദ്യുതി വിതരണം സാധാരണ നിലയാകുമെന്നാണു പ്രതീക്ഷ.

ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ 92.04 ദശലക്ഷം യൂണിറ്റായിരുന്നു കേരളത്തിലെ വൈദ്യുതി ഉപയോഗം. ഇതു റെക്കോര്‍ഡാണ്. ചൂട് കൂടിയതിനാൽ എ.സിയുടെ ഉൾപ്പെടെ ഉപയോഗം കൂടിയതാണ് കാരണം.

[bot1]