തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ചു; രാജി അംഗീകരിച്ചതായി വിജ്ഞാപനമിറക്കി നിയമമന്ത്രാലയം


ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. രാഷ്ട്രപതി രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനമിറക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അരുണ്‍ ഗോയല്‍ രാജി വെച്ചത്.

2022 നവംബര്‍ 21 നായിരുന്നു അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിച്ചത്. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. നിലവില്‍ രാജീവ് കുമാറാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു അരുണ്‍ ഗോയല്‍.

സിവില്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയ സംഭവം നേരത്തെ വിവാദമായിരുന്നു. ഇക്കാര്യം സുപ്രീംകോടതി മുമ്പാകെ ചോദ്യംചെയ്യപ്പെടുകയും ചെയ്തിരുന്നു.