നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചു; പൂക്കാട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓടിയ വഗാഡ് വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ


പൂക്കാട്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അപകടകരമായി ഓടിയ വഗാഡ് വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ. ഇന്ന് രാവിലെ പൂക്കാടുവെച്ചാണ് വഗാഡ് ടോറസ് തടഞ്ഞത്.

തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിന് നമ്പര്‍ പ്ലേറ്റോ ഇന്‍ഷുറന്‍സോ ഉണ്ടായിരുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വാഗാഡിന്റെ ടോറസിന്റെ ടയര്‍ ഊരിത്തെറിച്ച് കഴിഞ്ഞയാഴ്ച മുത്താമ്പി വൈദ്യരങ്ങാടിയില്‍ മരുതൂര്‍ സ്വദേശിനിയായ വയോധിക മരണപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ തടയുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് നഗരസഭാ ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്ലാ വാഹനങ്ങളും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ഉറപ്പുവരുത്തുമെന്നും അത്തരം വാഹനങ്ങളേ നിരത്തില്‍ ഇറക്കൂവെന്നും വഗാഡ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസും മോട്ടോര്‍വാഹന വകുപ്പ് അധികൃതരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ വാഗാഡ് നല്‍കിയ ഉറപ്പ് പാഴ് വാക്കാകുന്ന കാഴ്ചയാണ് ദേശീയപാതയില്‍ കാണുന്നതെന്നാണ് ഇന്ന് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.