ഗണേശോത്സവത്തിന്റെ മറവില്‍ കൊയിലാണ്ടിയില്‍ നടന്നത് സംഘപരിവാര്‍ സംഘടനകളുടെ അഴിഞ്ഞാട്ടം; ആംബുലന്‍സിനെ പോലും കടത്തിവിട്ടില്ല, ലേസര്‍ ലൈറ്റ് ഉപയോഗിച്ചതിനാല്‍ കാല്‍നട യാത്രക്കാരെ വരെ ബുദ്ധിമുട്ടിലാക്കി: ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: ഗണേശോത്സവത്തിന്റെ മറവില്‍ വെള്ളിയാഴ്ച വൈകുന്നേരം കൊയിലാണ്ടി നഗരത്തില്‍ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ആരാധനയുടെ പേരില്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് ജനങ്ങളെ ഭീതിയിലാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കൊയിലാണ്ടിപോലീസ് കേസെടുത്തിരിക്കുകയാണ്. ഗതാഗതം തടസ്സപ്പെടുത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. പൊതുജനങ്ങളുടെ ഇടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നതെന്ന് ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ റോഡുകള്‍ കൈയ്യടക്കി ശബ്ദമലിനീകരണം ഉണ്ടാക്കി ജനജീവിതത്തെ ബുദ്ധിമുട്ടിക്കുകയും പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തതെന്ന് ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഘോഷയാത്ര കടന്നുപോകുന്ന വഴികളിലുടനീളെ ലേസര്‍ ലൈറ്റ് ഉപയോഗിച്ചത് കാരണം കണ്ണുകളിലേക്ക് തീ കുത്തുന്ന വെളിച്ചംകയറിയതോടെ മറ്റ് വാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ സഞ്ചരിക്കാന്‍ കഴിയാത്ത വിധം പ്രകോപനം ഉണ്ടാക്കുകയായിരുന്നു. ഗണേശ വിഗ്രഹം കയറ്റിയ വാഹനത്തന് മുകളില്‍ സഥാപിച്ച ഇത്തരം എല്‍.ഇ.ഡി. ലേസര്‍ ലൈറ്റുകള്‍ നാലുഭാഗത്തും ചിതറിത്തെറിച്ച് വഴിയോരങ്ങളിലെ വീടുകളിലുള്ളവര്‍ക്കും വല്ലാത്ത പ്രയസങ്ങളാണ് ഉണ്ടാക്കിയത്.

പൂക്കാട്, കന്നൂര്‍, കൊല്ലം, അരിക്കുളം, മുത്താമ്പി പെരുവട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരുന്ന ദേശീയ സംസ്ഥാന പാതകളും പ്രാദേശിക റോഡുകളും മണിക്കൂറുകള്‍ ഉപരോധിച്ചാണ് ഘോഷയാത്ര നടത്തിയത്. ദേശീയപാതയില്‍ പൂക്കാട് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഒരു കേന്ദ്രത്തില്‍ ഒരു മണിക്കൂറിലേറെ നിര്‍ത്തിയിട്ട് ആംബുലന്‍സിനപ്പോലും കടത്തിവിടാതെയാണ് രോഗികളെയും യാത്രക്കാരെയും ദ്രോഹിച്ചതെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ വ്യക്തമാക്കി.