പൊയില്‍ക്കാവ് ടൗണിലെ വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരം; ഡ്രൈനേജില്‍ അടിഞ്ഞ്കൂടിയ മാലിന്യം നീക്കം ചെയ്തു


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ടൗണിലെ വെളളക്കെട്ടിന് താല്‍ക്കാലിക പരിഹാരം. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴ കാരണം
ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഡ്രൈനേജിന് ഉള്‍ക്കൊള്ളാനാകാത്ത വിധം വെള്ളം ഒഴുകിയെത്തുകയും, പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ ഡ്രൈനേജില്‍ നിറഞ്ഞതും പൊയില്‍ക്കാവ് ടൗണില്‍ ഇന്ന് വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

ഇതുമൂലം ഇന്ന് രാവിലെ വലിയ ഗതാഗത തടസ്സമാണ് നേരിട്ടത്. ഗതാഗതം സ്തംഭിച്ചതോടെ കൊയിലാണ്ടി സി.ഐ മെല്‍വിന്‍ ജോസ്, ട്രാഫിക് എസ്.ഐ പൃഥ്വീരാജ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മറ്റ് ജനപ്രതിനിധികള്‍ നിര്‍മ്മാണ കമ്പനിയായ വഗാഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി ജെ.സി.ബി ഉപയോഗിച്ച് അടിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്തതതിനെ തുടര്‍ന്നാണ് വെള്ളക്കെട്ടിന് താല്‍ക്കാലിക പരിഹാരമുണ്ടായത്.

ചെളിയും വെള്ളക്കെട്ടുംകാരണം വാഹനങ്ങള്‍ നിരങ്ങിപ്പോകേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇരുചക്രവാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള ശ്രമം ഉടനെയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.