യാത്രക്കിടെ യുവതിക്ക് ദേഹാസ്വസ്ഥ്യം, ബസ് ആംബുലൻസാക്കി തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ചീറിപ്പാഞ്ഞു; യുവതിക്ക് തുണയായത് പയ്യോളി, വടകര സ്വദേശികളായ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ


കൊയിലാണ്ടി: വടകരയിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. എം ഫോർ സിക്സ് ബസിലെ ഡ്രൈവർ വടകര മേപ്പയിൽ സ്വദേശി ലിനീഷ് കെ കുനിയിൽ, കണ്ടക്ടർ പയ്യോളി ബിസ്മിന​ഗർ സ്വദേശി പുത്തൻപുരച്ചാലിൽ ഇസ്മയിൽ
എന്നിവരാണ് യാത്രക്കാരിയ്ക്ക് തുണയായി മാറിയത്.

ഇന്നലെ കോഴിക്കോടേക്കുള്ള യാത്രക്കിടയിൽ ബസിൽ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് യുവതി കുഴഞ്ഞ് വീണു. യുവതിയുടെ ആരോ​ഗ്യനില മോശമാണെന്ന് മനസിലാക്കിയ ബസ് ജീവനക്കാർ അടുത്തുള്ള ആശുപത്രി ഏതെന്ന് യാത്രക്കാരോടെ ചോദിച്ചറിഞ്ഞു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും മറ്റൊന്നും നോക്കാതെ ഡ്രൈവർ ലിനീഷ് തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പാഞ്ഞു. ആംബുലൻസ് പോലെ ലൈറ്റുമിട്ട് ഹോണു മുഴക്കി അതിവേഗം ബസ് ആശുപത്രിയിലെത്തിച്ച് രോ​ഗിക്ക് ചികിത്സ ഉറപ്പാക്കി.

സീറ്റിൽ ഇരിക്കുകയായിരുന്ന യുവതി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് താഴേക്ക് ഊർന്നിറങ്ങി. താഴേക്ക് വീണ യുവതിയെ ബസിലെ യാത്രക്കാർ ചേർന്നാണ് എഴുന്നേൽപ്പിച്ച് സീറ്റിൽ കിടത്തിയത്. കാൽതിരുമ്പിയും വെള്ളം കൊടത്തും ആശുപത്രിയിലെത്തുന്നതുവരെ യുവതിക്കരിൽ യാത്രക്കാർ സഹായഹസ്തവുമായി ഉണ്ടായിരുന്നു.

സമയോചിതമാണ് ഇടപെടലാണ് യാത്രക്കാരിയായ യുവതിക്ക് തുണയായത്. ഇത്രയും കാലത്തെ ജോലിക്കിടയിൽ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് ലിനീഷും ഇസ്മയിലും പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: During the journey, the young woman fell ill, the bus was rushed to the Tiruvangoor Community Health Center as an ambulance. The young woman was helped by the timely intervention of the bus staff from Payyoli and Vadakara.