മടുപ്പില്ലാതെ ചെയ്യാം മട്ടുപ്പാവ് കൃഷി; പ്രായത്തെ തോല്‍പ്പിച്ച് എണ്‍പതാം വയസ്സിലും പച്ചക്കറി കൃഷിയും പൂന്തോട്ടവുമായി കൊയിലാണ്ടിയിലെ സുകുമാരന്‍ ഡോക്ടര്‍


കൊയിലാണ്ടി: ഹൗ ഓള്‍ഡ് ആര്‍ യു സിനിമ കണ്ട് ഒരു തവണയെങ്കിലും മട്ടുപ്പാവിലെ ജൈവപച്ചക്കറിക്കായി ഇറങ്ങി തിരിക്കണമെന്ന് തോന്നിയിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും. എന്നാല്‍ നമ്മളെ പോലെ ചിന്തിച്ചിരിക്കാതെ പ്രവര്‍ത്തിച്ച് കാണിച്ചു തന്നിരിക്കുകയാണ് കൊയിലാണ്ടിയിലെ ഇ.എന്‍.ടി ഡോക്ടര്‍ സുകുമാരന്‍.

വീടിന്റെ മട്ടുപാവില്‍ ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ പച്ചക്കറികളുടെയും പൂക്കളുടെയും മനോഹരമായ തോട്ടമൊരുക്കി മാതൃക തീര്‍ത്തിരിക്കുകയാണ് ഡോക്ടര്‍. പ്രായം എണ്‍പതിലെത്തിയെങ്കിലും വീടിന്റെ ടെറസില്‍ കയറി പൂന്തോട്ടമൊരുക്കാനോ, പച്ചക്കറി കൃഷി നടത്താനോ ഡോക്ടര്‍ക്ക് ബുദ്ധിമുട്ടില്ല. അതിരാവിലെ അഞ്ചു മണിയോടെ തന്നെ ഇരുമ്പ് കോണി കയറി ഡോക്ടര്‍ ടെറസിലെത്തും. പിന്നീട് മൂന്ന് മണിക്കൂറോളം ചെടികളുടെ പരിചരണമാണ്. ഇതിനിടയില്‍ ചെറിയ തോതിലുളള വ്യായാമവും ചെയ്യും.

വീടിന്റെ രണ്ടാം നിലയിലാണ് പച്ചക്കറി കൃഷി. പയര്‍, വെണ്ട, ബീന്‍സ്, വഴുതിന, പച്ചമുളക്, തക്കാളി, കാബേജ് എന്നിവയെല്ലാം ഗ്രോബാഗില്‍ നിറയെ കായ്ച്ച് നില്‍ക്കുകയാണ് ഇവിടെ. ഇതിനിടയില്‍ വിവിധതരം ബോഗണ്‍വില്ലകളുടെ ശേഖരവും ഡോക്ടറുടെ ടെറസ്സിലും മുറ്റത്തുമായി ഉണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ബോഗണ്‍വില്ലയുടെ പുതിയ തൈകള്‍ നട്ടു വളര്‍ത്തി ഇവ സംരക്ഷിച്ച് നിര്‍ത്തും. റെയില്‍വേ സ്റ്റേഷനില്‍ നിന്നു നോക്കിയാല്‍ കാണുന്ന ബോഗണ്‍വില്ലകള്‍ നിറഞ്ഞു നില്‍ക്കുന്ന ഡോക്ടറുടെ വീടും ആരുടെയും മനം കവരുന്ന ദൃശ്യം തന്നെയാണ്.

ചെടി ചട്ടികള്‍ ഒതുക്കി നിര്‍ത്തുന്നതും വള പ്രയോഗവും,ജൈവ കീടനാശിനി പ്രയോഗവുമെല്ലാം ഡോക്ടര്‍ ഒറ്റയ്ക്ക് തന്നെ. കായികാധ്വാനം കൂടുതല്‍ വേണ്ടി വരുന്ന പ്രവൃത്തികള്‍ക്ക് മാത്രം ജോലിക്കാരെ വിളിക്കും.

റെയില്‍വേ സ്റ്റേഷന് സമീപത്തു കൂടി പന്തലായനിയിലേക്ക് പോകുന്ന റോഡ് വശത്തും മനോഹരമായ പൂന്തോട്ടമൊരുക്കാനുളള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. എല്ലാത്തിനും ഭാര്യ പുഷ്പയും പിന്തുണയായുണ്ട്. നിലേശ്വരം സ്വദേശിയായ ഡോക്ടര്‍ ആരോഗ്യ വകുപ്പില്‍ നിന്ന് അഡീഷണല്‍ ഡയരക്ടറായിട്ടാണ് വിരമിച്ചത്. കൊയിലാണ്ടി, കോഴിക്കോട് ബീച്ച്, മലപ്പുറം എന്നിവിടങ്ങിളിലെല്ലാം സേവനമനുഷ്ഠിച്ചിരുന്നു.