ജില്ലാ കേരളോത്സവം; കലാപ്രതിഭയായി കൊയിലാണ്ടി സ്വദേശി തേജസ്


കൊയിലാണ്ടി: ജില്ലാ കേരളോത്സവത്തില്‍ കലാപ്രതിഭാ പട്ടത്തിന് അര്‍ഹനായി കൊയിലാണ്ടി സ്വദേശി. മേലൂര്‍ പതിനാലാം മൈല്‍സിലെ കല്ലാണില്‍ തേജസാണ് നേട്ടംകൊയ്തത്.

ലളിതഗാനം, ശാസ്ത്രീയസംഗീതം, കവിത എന്നീ ഇനങ്ങളിലാണ് തേജസ് മത്സരിച്ചത്. ശാസ്ത്രീയ സംഗീതത്തില്‍ എ.ഗ്രേഡ് ഓടുകൂടി ഒന്നാം സ്ഥാനവും കവിതയ്ക്ക് രണ്ടാം സ്ഥാനവും ലളിതഗാനത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.

മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദധാരിയായ തേജസ് ആദ്യമായാണ് കേരളോത്സവ പരിപാടികളില്‍ പങ്കാളിയാവുന്നത്. നിലവില്‍ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ ജോലി ചെയ്യുകയാണ് തേജസ്. സതീഷ് കുമാറിന്റെയും മോളി സതീഷിന്റെയും മകനാണ്. തനൂജ് സഹോദരനാണ്.

കേരളോത്സവത്തില്‍ കലാ, കായിക മത്സരങ്ങളില്‍ 322 പോയിന്റുമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാരായി. 275 പോയിന്റുമായി കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് റണ്ണേഴ്‌സ് അപ്പുമായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ കൃഷ്ണപ്രിയയാണ് കലാതിലകം.