‘ലോകമെങ്ങുമുള്ള എഫ്.എം റേഡിയോകള്‍ കേള്‍പ്പിക്കുന്നതിന് ഐ.എസ്.ആര്‍.ഒയ്ക്ക് നന്ദി’; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാം


ആയിരക്കണക്കിന് സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പിലൂടെ ഓരോ ദിവസവും ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. ഇതില്‍ സത്യം ഏതാണ് നുണ ഏതാണ് എന്ന് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. ഓരോ മെസേജുകളെയും ജാഗ്രതയോടെ മാത്രം നോക്കിക്കാണുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി.

ഇത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ വൈറലായി പ്രചരിക്കുന്ന ഒരു മെസേജാണ് ഐ.എസ്.ആര്‍.ഒയെ സംബന്ധിച്ചുള്ളത്. ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് കാട്ടുതീ പോലെയാണ് ഈ മെസേജ് പരക്കുന്നത്.

ലോകമെങ്ങുമുള്ള എഫ്.എം റേഡിയോ സ്‌റ്റേഷനുകളുടെ സംപ്രേക്ഷണം കേള്‍ക്കാനായി ഐ.എസ്.ആര്‍.ഒ ഒരു വെബ്‌സൈറ്റ് നിര്‍മ്മിച്ചു എന്ന തരത്തിലാണ് മെസേജിന്റെ ഉള്ളടക്കം. റേഡിയോ ഗാര്‍ഡന്‍ എന്ന വെബ്‌സൈറ്റാണ് ഐ.എസ്.ആര്‍.ഒ ഉണ്ടാക്കിയത് എന്ന പേരില്‍ പ്രചരിക്കുന്നത്. ഇതിന്റെ പേരില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് നന്ദി പറയുന്നതായും മെസേജില്‍ കാണാം.

എന്നാല്‍ പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ എന്താണ്?

റേഡിയോ ഗാര്‍ഡന്‍ എന്നൊരു വെബ്‌സൈറ്റ് യഥാര്‍ത്ഥത്തില്‍ ഉണ്ട്. അതില്‍ കയറിയാല്‍ ലോകമെങ്ങുമുള്ള എഫ്.എം സ്റ്റേഷനുകള്‍ ആസ്വദിക്കുകയും ചെയ്യാം. പക്ഷേ ഈ വെബ്‌സൈറ്റിന് പിന്നില്‍ നമ്മുടെ ഐ.എസ്.ആര്‍.ഒ അല്ല. ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് ഐ.എസ്.ആര്‍.ഒ. ഇത്തരം വെബ്‌സൈറ്റുകള്‍ നിര്‍മ്മിക്കുന്നത് അവരുടെ മേഖലയില്‍ പെട്ട കാര്യം അല്ല.

കേന്ദ്രസര്‍ക്കാറിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജ് തെറ്റാണെന്നും ഐ.എസ്.ആര്‍.ഒ അത്തരമൊരു വെബ്‌സൈറ്റ് നിര്‍മ്മിച്ചിട്ടില്ല എന്നും പി.ഐ.ബിയുടെ ഫാക്റ്റ് ചെക്ക് വിഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്.

നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാമിലുള്ള ജോനാഥന്‍ പുക്കെയ് എന്നയാളും സംഘവുമാണ് റേഡിയോ ഗാര്‍ഡന്‍ എന്ന വെബ്‌സൈറ്റ് വികസിപ്പിച്ചത്. വെബ്‌സൈറ്റില്‍ കാണുന്ന ഭൂമിയുടെ ത്രിമാന രൂപത്തില്‍ എല്ലാ രാജ്യത്തെയും റേഡിയോ സ്‌റ്റേഷനുകളെ കാണിച്ചിട്ടുണ്ട്. പച്ച നിറത്തിലുള്ള ാെരു കുത്തായാണ് ഓരോ സ്‌റ്റേഷനുകളും ഇതിലുള്ളത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ അതാത് റേഡിയോ ഉപഭോക്താക്കള്‍ക്ക് കേള്‍ക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് വഴി ആയതിനാല്‍ ഇയര്‍ഫോണ്‍ ഇല്ലാതെ തന്നെ എഫ്.എം റേഡിയോ കേള്‍ക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

അപ്പോള്‍ ഐ.എസ്.ആര്‍.ഒ അല്ല റേഡിയോ ഗാര്‍ഡന്‍ ഉണ്ടാക്കിയത് എന്ന യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ട് നമുക്ക് നമ്മുടെ ഇഷ്ട എഫ്.എം റേഡിയോ സ്‌റ്റേഷനുകള്‍ കേട്ട് ആസ്വദിക്കാം. റേഡിയോ ഗാര്‍ഡന്‍ വെബ്‌സൈറ്റ് തുറക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

വീഡിയോ കാണാം:

English Summary: Did ISRO Develop Radio Garden that Plays Live Radio from Everywhere? HEre is the truth. Let’s fact check the viral message in social media.