‘ആരൊക്കെയോ നമ്മളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവായാണ് ഇത്തരം അവാർഡുകൾ പരിഗണിക്കുന്നത്’; ദേവരാജൻ മാസ്റ്റർ പുരസ്ക്കാര മികവിൽ കൊയിലാണ്ടിയുടെ പാട്ടെഴുത്തുകാരൻ നിധീഷ് നടേരി


കൊയിലാണ്ടി: പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റനിലൂടെ മലയാള ചലചിത്ര ഗാന രചനാ രംഗത്തേക്ക് ചുവട് വെച്ച കൊയിലാണ്ടി സ്വദേശി നിധീഷ് നടേരി ഇപ്പോൾ ദേവരാജൻ മാസ്റ്റർ പുരസ്ക്കാര നിറവിലാണ്. കഴിഞ്ഞ വർഷം പ്രേക്ഷകർ ഏറ്റെടുത്ത വെള്ളത്തിലെ ഷഹബാസ് അമൻ ആലപിച്ച ആകാശമായവളേ എന്ന എന്ന ഗാനത്തിന്റെ ജന സ്വകാര്യത നിധീഷിന്റെ ചലചിത്രഗാന രചനാ വൈഭവത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

ദേവരാജൻ മാസ്റ്ററെ പോലെ ഒരു വ്യക്തിയുടെ പേരിനോട് ചേർന്ന് പുരസ്ക്കാരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ആരൊക്കെയോ നമ്മളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവായാണ് ഇത്തരം അംഗീകാരങ്ങളെ കാണുന്നതെന്നും നിധീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ക്യാപ്റ്റൻ തൊട്ട് തിങ്കളാഴ്ച നിശ്ചയം വരെയുള്ള വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ഗാനരചനയിൽ തന്റേതായ മുദ്ര പതിപ്പിച്ചു കൊണ്ട് മുന്നേറുന്നതിനിടയിലാണ് ഈ പുരസ്ക്കാരം നിധീഷിലേക്ക് എത്തുന്നത്.

പ്രീഡിഗ്രീ കാലം മുതൽ ലളിത ഗാനങ്ങളും ഗ്രൂപ്പ് സോങ്ങുകളും എഴുതിത്തുടങ്ങിയ ഇദ്ദേഹം ബിരുദ കാലഘട്ടത്തിൽ ആകാശവാണിയിലേക്കും തന്റെ സൃഷ്ടികൾ അയച്ചിരുന്നു. പിന്നീട് മാധ്യമപ്രവർത്തകനായി, ഇപ്പോൾ ബേപ്പൂർ സ്കൂളിൽ അധ്യാപകനാണ്. അധ്യാപന തിരക്കുകൾക്കിടയിലും തന്റെ സ്വപ്നമായ സിനിമാ രംഗത്തും ഗാന, തിരക്കഥാ രചയിതാവ് എന്നീ നിലകളിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് നിധീഷ് നടേരി.

നവാഗതനായ സക്കീർ മഠത്തിലിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയിലർ, ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ ങ്ങള് കാത്തോളീ, പ്രജേഷ് സെന്നിന്റെ സംവിധാനത്തിൽ വരുന്ന ദി സീക്രട്ട് ഓഫ് വുമൺ എന്നിവയാണ് ഇനി നിധീഷിന്റെ പാട്ടുകളുമായി പുറത്തിറങ്ങാനുള്ള സിനിമകൾ.

ജനുവരി 9 ന് മൂകാംബിക ക്ഷേത്ര സന്നിധിയിൽ യേശുദാസിന്റെ ജമ്മദിനത്തോടനുബന്ധിച്ച പരിപാടിയിൽ അവാർഡ് നൽകും. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയ നടേരി ഗംഗാധരന്റെയും രമാവതി യുടേയും മകനാണ് നിധീഷ്.