കൊയിലാണ്ടി സ്‌കൂള്‍ മൈതാനം വിട്ടുകിട്ടണമെന്ന ആവശ്യം; ഹൈക്കോടതിയില്‍ നല്‍കിയ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സ്‌കൂള്‍ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ.പ്രസിഡണ്ട് വി. സുചീന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ചു. ഡിസംബര്‍ മാസം പകുതിയോടെയാണ് സുചീന്ദ്രന്‍ നല്കിയ പെറ്റീഷന്‍ ഫയല്‍ സ്വീകരിച്ചതെന്ന് സുചീന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി ജി.വി.എച്ച്.എസ്. പി.ടി.എ സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ സഹായത്തോടെയായിരുന്നു പി.ടി.എ.പ്രസിഡണ്ട് ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയലില്‍ ചെയ്തത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, റവന്യൂ വകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, കൊയിലാണ്ടി നഗരസഭ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

അടുത്ത ആഴ്ച കേസിന്റെ രണ്ടാം ഘട്ടം നടക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ യുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒന്നിച്ച് മൈതാനത്തിന് ചുറ്റും മനുഷ്യചങ്ങല തീര്‍ത്തിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പി.ടി.എയും സപ്പോര്‍ട്ടിംങ് ഗ്രൂപ്പും ചേര്‍ന്ന യോഗം ചേരുകയും ജനകീയ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

അഡ്വ. സുനില്‍ മോഹന്‍, ചെയര്‍മാനായും, യു കെ ചന്ദ്രന്‍ കണ്‍വീനറായും നേതൃത്വത്തിലുളളവരാണ് മൈതാനം വിട്ടുകിട്ടാനായുള്ള പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നത്. 1989 ലാണ് റവന്യൂ വകുപ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന് മൈതാനം പാട്ട വ്യവസ്ഥയില്‍ കൈമാറുന്നത്.

കായിക താരങ്ങള്‍ക്ക് ആവശ്യമായ യൊതൊരു അടിസ്ഥാന സൗകര്യവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരുക്കിയില്ലെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ സ്റ്റേഡിയം നിര്‍മ്മിച്ചതോടൊപ്പം കടമുറികളും പണിത് വലിയ തോതിലുളള വരുമാനവും സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ലഭിച്ചു വരുകയായിരുന്നു. കഴിഞ്ഞ മാസം 17 ന് പാട്ടക്കരാര്‍ അവസാനിക്കുകയും ചെയ്തതോടെയാണ് നാട്ടുകാരും പി.ടി.എ യും രംഗത്തിറങ്ങിയത്.