കൊല്ലം എസ്.എന്‍.ഡി.പി കോളേജിലെ സംഘര്‍ഷം: ‘സംഘടനകളും മാധ്യമങ്ങളും പറയുന്നതുപോലെ പ്രിൻസിപ്പലും ജീവനക്കാരും ഒരിക്കലും ഒരു വിഷയത്തിലും പക്ഷപാതപരമായി പെരുമാറിയിട്ടില്ല’; പ്രതികരിച്ച്‌ കോളേജ് അധികൃതര്‍


കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കോളേജ് അധികൃതര്‍. ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പസില്‍ ചുരുക്കം ചില വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘർഷം ഉണ്ടായിട്ടുണ്ടെങ്കിലും ചില സംഘടാക നേതൃത്വങ്ങളും ദൃശ്യ പത്ര മാധ്യമങ്ങളും പറയുന്നതുപോലെ കോളേജിലെ പ്രിൻസിപ്പലും ജീവനക്കാരും ഒരിക്കലും ഒരു വിഷയത്തിലും പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും, കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ലഭിച്ച പരാതിയിന്മേൽ കോളേജ് കൗൺസിൽ നിർദ്ദേശ പ്രകാരം പ്രിൻസിപ്പൽ യുക്തവും നിയമപരവുമായ നടപടികൾ സമയബന്ധിതമായി കൈകൊണ്ടിട്ടുമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന്‌ കോളേജ് പുറത്തിറക്കിയ പ്രമേയം

‘1995 ൽ കൊയിലാണ്ടിയിൽ സ്ഥാപിതമായ ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജ് നാളിതുവരെയായ അക്കാദിമകവും അക്കാദിമികേതരവുമായ പ്രവർത്തനങ്ങളിലൂടെ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ മികച്ച കോളേജുകളിൽ ഒന്നാണ്. സമീപ പ്രദേശങ്ങളിൽ ഉള്ള കോളേജുകൾക്ക് ലഭിച്ച ഗ്രേഡിനേക്കാൾ മുകളിലുള്ള ഗ്രേഡ് ആണ് നാക് അക്രെഡിറ്റേഷൻ പ്രക്രിയയിൽ ഈ കോളേജിന് ലഭിച്ചിട്ടുള്ളത്. ഈ കാലയളവിൽ വിവിധ മേഖലകളിൽ കോളേജ് കൈവരിച്ച നേട്ടങ്ങൾ തന്നെയാണ് ഈ മികവിന്റെ അടിസ്ഥാനം. യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും പല തവണ ഈ കോളേജ് മുൻപന്തിയിലായിരുന്നു. എന്നാൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ചിലപ്പോഴെങ്കിലും വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാകുന്ന ചെറിയ തോതിലുള്ള സംഘർഷങ്ങൾ മറ്റുപലയിടങ്ങളിലും പോലെ ഈ കോളേജിലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും കോളേജിന്റെ യശസ്സിന് കളങ്കമായി ഒരിക്കലും മാറിയിട്ടില്ല”.

”കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പസില്‍ ചുരുക്കം ചില വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘർഷം ഉണ്ടായിട്ടുണ്ടെങ്കിലും ചില സംഘടാകനേതൃത്വങ്ങളും ദൃശ്യ പത്ര മാധ്യമങ്ങളും പറയുന്നതുപോലെ ഈ കോളേജിലെ പ്രിൻസിപ്പലും ജീവനക്കാരും ഒരിക്കലും ഒരു വിഷയത്തിലും പക്ഷപാതപരമായി പെരുമാറിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ലഭിച്ച പരാതിയിന്മേൽ കോളേജ് കൗൺസിൽ നിർദ്ദേശ പ്രകാരം പ്രിൻസിപ്പൽ യുക്തവും നിയമപരവുമായ നടപടികൾ സമയബന്ധിതമായി കൈകൊണ്ടിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കോളേജിനെതിരെയും മേലധികാരിയായ പ്രിൻസിപ്പലിനെതിരെയും ജീവനക്കാർക്കെതിരെയും നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങളെയും കോളേജിന്റെ യശസ്സ് തകർക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളെയും ഇന്ന് കോളേജിൽ ചേർന്ന മുഴുവൻ സ്റ്റാഫ് അംഗങ്ങളുടെയും യോഗം ശക്തമായി അപലപിച്ചു”.

പ്രിൻസിപ്പൽ ഡോ.സുജേഷ്.സി.പി, സ്റ്റാഫ്‌ സെക്രട്ടറി ഡോ.സജീവ് എസ്.വി, ചരിത്ര വിഭാഗം മേധാവി ശ്രീ എ.എം. അബ്ദുൽ സലാം, കോളേജ് സൂപ്രണ്ട് ശ്രീ സി.പി അരുൾദാസ്,സുരേശൻ മേലേപ്പുറത്ത് എന്നിവർ സംസാരിച്ചു. അനിഷ്ട സംഭവങ്ങളെ അപലപിച്ചു കൊണ്ടുള്ള പ്രമേയം യോഗം ഏക കണ്ഠമായി അംഗീകരിച്ചു.

കോളേജിലെ ബി.എസ്.സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ സി.ആര്‍ അമലാണ് ഒരുസംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. രണ്ടാഴ്ച മുന്‍പ് കോളേജില്‍ വച്ച് നടന്ന റാഗിംങുമായി ബന്ധപ്പെട്ട് നടന്ന അടിയുടെ സൂത്രധാരന്‍ ആണെന്ന് ആരോപിച്ച് കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നു എന്നായിരുന്നു പരാതി.

വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം കോളേജ് ചെയര്‍മാന്‍ ചിലകാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാനുള്ളതിനാല്‍ പുറത്തേക്കുവരണമെന്ന് ആവശ്യപ്പെടുകയും അവരോടൊപ്പം മൂന്ന് കൂട്ടുകാരുമായി പോയ അമലിനെ കൂടെ വന്ന കൂട്ടുകാരെ തിരിച്ചയയ്ക്കുകയും കോളേജിന് സമീപത്തുള്ള അടച്ചിട്ട വീട്ടുമുറ്റത്തേക്കാണ് കൂട്ടിക്കൊണ്ട് പോയതെന്നും ഇവിടെ വച്ചാണ് മര്‍ദിച്ചതെന്നും പറയുന്നു.

കോളേജിലെയും സമീപ കോളേജിലെയും എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമെല്ലാമായി 25-ഓളം പേര്‍ അവിടെ ഉണ്ടായിരുന്നെന്നും തന്നെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് ക്രൂരമായി മര്‍ദിച്ചതെന്നുമാണ് അമല്‍ പറഞ്ഞത്‌. മൂക്കില്‍നിന്ന് ചോരവാര്‍ന്ന് അവശനായ മൂന്നുകൂട്ടുകാരുമൊത്ത് കൊയിലാണ്ടി ഗവ.താലൂക്കാശുപത്രിയില്‍ പോയപ്പോള്‍ ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടയില്‍ അക്രമസംഘത്തിലുണ്ടായിരുന്നവര്‍ ഓടിയെത്തുകയും ഇടയ്ക്കു കയറി ബൈക്കപകടമാണെന്നുപറഞ്ഞ് ശീട്ടില്‍ അങ്ങനെ എഴുതിക്കുകയും ചെയ്തു. മൂക്കില്‍ പ്ലാസ്റ്ററിട്ടശേഷം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ അവിടെയും അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരെത്തി ഡോക്ടറെ തെറ്റായ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നും ഭയം കൊണ്ട് ഇത് തിരുത്താന്‍ പോയില്ലെന്നും അമല്‍ പരാതിയില്‍ പറയുന്നു.

വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ വലിയ വേദന അനുഭവപ്പെട്ടതോടെ വീട്ടുകാരോട് നടന്ന സംഭവം പറയുകയായിരുന്നു. രാത്രി തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി എക്സ്റേയും മറ്റുപരിശോധനയും നടത്തി. രണ്ടാഴ്ചമുമ്പ് കോളേജിലുണ്ടായ അടിയുടെ പേരില്‍ യൂണിറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ തന്റെ പേരില്ലെന്ന് അമല്‍ പറഞ്ഞു. അടിയുണ്ടായ സ്ഥലത്ത് ക്യാമറയുമുണ്ട്. ‘ആക്രമിച്ചതാണെന്ന വിവരം പുറത്തുപറഞ്ഞാല്‍ വലുതായി അനുഭവിക്കേണ്ടിവരു’മെന്ന് ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചതെന്നും അമല്‍ പറയുന്നു. ഇതുസംബന്ധിച്ച അമലും പിതാവ് പയ്യോളി വില്ലേജ് ഓഫീസര്‍ എ.വി ചന്ദ്രനും കൊയിലാണ്ടി പോലീസിലും പ്രിന്‍സിപ്പലിനും കഴിഞ്ഞ ശനിയാഴ്ച പരാതി നല്‍കിയിരുന്നു.