മുഴുവന്‍ എ പ്ലസ് നേടിയത് 44 വിദ്യാര്‍ഥികള്‍; എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.67% വിജയവുമായി സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിങ്ങപുരം


തിക്കോടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.67 ശതമാനം വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പരീക്ഷയെഴുതിയ 305 വിദ്യാര്‍ഥികളില്‍ 304 വിദ്യാര്‍ഥികള്‍ വിജയം നേടി. 44 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസോടെ വിജയിച്ചത്.

12 വിദ്യാര്‍ഥികള്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം 320 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും വിജയിച്ചിരുന്നു.

99.7%മാണ് ഇത്തവണ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.

68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.