അംഗനവാടിയിലെ പാമ്പ് ശല്യത്തിന് പരിഹാരം തേടി കുട്ടികള്‍; നിവേദനവുമായി മേപ്പയൂര്‍ പഞ്ചായത്ത് ഓഫീസില്‍


മേപ്പയ്യൂര്‍: അംഗണവായിലെ പാമ്പ് ശല്യത്തിനും ശോചനീയാവസ്ഥയ്ക്കും പരിഹാരമാവശ്യപ്പെട്ട് നിവേദനവുമായി കുട്ടികളും രക്ഷിതാക്കളും. മേപ്പയൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ പാവട്ടു കണ്ടി മുക്കിലെ അംഗണവാടിയിലെ കുട്ടികളാണ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമര്‍പ്പിച്ചത്.

ഇവര്‍ പഠിക്കുന്ന അംഗന്‍വാടി മുറ്റത്തു നിന്നും തിങ്കളാഴ്ച വലിയൊരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. കുട്ടിയെ അംഗണവാടിയില്‍ നിന്നും കൂട്ടാന്‍ എത്തിയ രക്ഷിതാവാണ് പാമ്പിനെ കണ്ടത്. ഉടന്‍ അദ്ദേഹം മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് വിളിച്ചതനുസരിച്ച് പെരുവണ്ണാമൂഴി വനപാലകരുടെ പാമ്പുപിടുത്തക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാട് എത്തി മൂര്‍ഖന്‍ പാമ്പിനെ പിടിച്ച് പെരുവണ്ണാമൂഴിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അംഗണവാടിക്ക് സമീപം കാടു നിറഞ്ഞ് കിടക്കുകയാണ്. അതിനാല്‍ ഇനിയും പാമ്പുകള്‍ ഉണ്ടാവുമോ എന്ന് കുട്ടികള്‍ ഭയപ്പെടുന്നുണ്ട്. കൂടാതെ, അംഗണവാടിയുടെ ഭൗതിക സാഹചര്യവും പരിതാപകരമാണ്. ശുചിമുറി സൗകര്യമോ സ്വന്തമായി കിണറോ ഇല്ല.

35 വര്‍ഷം മുമ്പ് നിര്‍മിച്ച അങ്കണവാടി കെട്ടിടം ജീര്‍ണാവസ്ഥയിലാണെന്നും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയത്. അംഗണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള ശ്രമം ഉടന്‍ നടത്തുമെന്ന് പ്രസിഡന്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്.