എലത്തൂരില്‍ ബാലവിവാഹം; 15 വയസുള്ള പെൺകുട്ടിയെന്ന് മൊഴി, കേസ്


എലത്തൂർ: എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി, സംഭവത്തില്‍ തമിഴ്‍നാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റി.

വെസ്റ്റ്ഹില്ലില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് പെൺകുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം നാട്ടുകാർ കുട്ടിയെ വീട്ടിൽ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ താൻ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണെന്നും സമ്മതമില്ലാതെ വീട്ടുകാർ വിവാഹം കഴിപ്പിച്ച് ആയക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷ്ണറുടെ നിർദേശത്തെ തുടർന്ന് എലത്തൂർ പോലീസ് എത്തി പെൺകുട്ടിയെ വെള്ളിമാടുകുന്നിലുള്ള ജുവനെെൽ ഹോമിലേക്ക് മാറ്റി.

പതിനഞ്ച് വയസ് പ്രായമേ ഉള്ളൂ എന്ന് പെൺകുട്ടി തന്നെയാണ് മൊഴി നല്‍കിയിരിക്കുന്നത്. രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ്.