പൊതുസ്ഥലത്ത് തള്ളിയത് 20 ചാക്ക് ഹോട്ടൽ മാലിന്യം; കൊയിലാണ്ടിയിലെ ഹോട്ടലിനെ പിടികൂടി 25000 രൂപ പിഴ ചുമത്തി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്


ചെങ്ങോട്ടുകാവ്: പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളി കൊയിലാണ്ടിയിലെ ഹോട്ടൽ. സ്ഥാപനത്തെ കണ്ടെത്താൻ സഹായിച്ചത് നാട്ടുകാർ. പോലീസിന്റെ സഹായത്തോടെ കയ്യോടെ പിടികൂടി പിഴ ഈടാക്കി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

‘ ചെങ്ങോട്ടു കാവ്‌ ഗ്രാമ പഞ്ചായത്ത് ഓവർ ബ്രിഡ്ജിനടുത്ത് പ്ലാസ്റ്റിക് ഉൾപ്പെടെ ഹോട്ടൽ മാലിന്യം കൊണ്ട് തള്ളുന്നതായി ശ്രദ്ധയിൽ പെടുകയും ഇന്നലെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഹോട്ടലിനെ കണ്ടെത്തുകയുമായിരുന്നു. കൊയിലാണ്ടിയിലെ ഡി.എക്സ്.ബി ഹോട്ടലാണ് മാലിന്യം തള്ളുന്ന നിലയിൽ പിടികൂടിയതെന്ന്’ ചെങ്ങോട്ടുകാവ് പഞ്ചായത്ത്‌ സെക്രട്ടറി എൻ പ്രദീപൻ കൊയിലാണ്ടി ന്യൂസ്‌ ഡോട്ട് കോമിനോട് പറഞ്ഞു. ‘ഹോട്ടലിന് 25000 രൂപ പിഴ ചുമത്തി, പ്രദേശത്ത് നിന്ന് 20 ചാക്ക് മാലിന്യം ആണ് നീക്കം ചെയ്തെടുത്തത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രദേശവാസികളുടെ ജാഗ്രതയോടെയുള്ള പ്രവർത്തനം സ്ഥാപനത്തെ കണ്ടെത്താൻ സഹായമാവുകയായിരുന്നു. ഒരു മാസത്തോളമായി ഒരേ സ്ഥാപനത്തിലേതെന്നു തോന്നുന്ന കവറുകളിൽ സ്ഥിരമായി മാലിന്യം കൊണ്ടിടാറുണ്ടായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെ അഴുകിയ മാലിന്യ ചാക്കുകൾ പരിശോധിച്ച് സ്ഥാപനത്തെ മനസ്സിലാക്കുകയായിരുന്നു.

പോലീസിനോടൊപ്പം പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽന്റെ നേതൃത്വത്തിൽ മെമ്പർമാരായ തെസ്ലീന നാസർ, രമേശൻ കിഴക്കയിൽ സെക്രട്ടറി എൻ പ്രദീപൻ, ക്ലാർക്ക് നീത്തു എന്നിവർ ഹോട്ടലിലെത്തി പരിശോധന നിയമലംഘനം നടത്തിയവരെ പിടികൂടുകയായിരുന്നു. ശേഷം ഇവരെ മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് കൊണ്ട് വന്നു. തങ്ങൾ മാലിന്യ നിക്ഷേപം ഒരു ഏജൻസിക്ക് നൽകിയിരിക്കുകയായിരുന്നു എന്നാണ് ഹോട്ടലിന്റെ വാദം.

മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്കും അജൈവ മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണെന്നും അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് നൽകേണ്ടതാണെന്നും സെക്രട്ടറി എൻ പ്രദീപൻ അറിയിച്ചു.