നടുറോഡിലെ വെള്ളക്കെട്ട് വാഗാഡ് നീക്കിയില്ല; ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം കുടുംബം സഞ്ചരിച്ച കാര്‍ വെള്ളത്തില്‍ മുങ്ങി (വീഡിയോ കാണാം)


പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം നടുറോഡില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തകരാറിലായി.

ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ഉയരത്തിലായതിനാല്‍ മഴ പെയ്തതോടെ രണ്ട് റോഡുകളുടെയും നടുവില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഈ വെള്ളക്കെട്ടിലാണ് കാര്‍ മുങ്ങിയത്.

റോഡിലെ വെള്ളക്കെട്ട് നീക്കണമെന്ന് നാട്ടുകാര്‍ പലതവണ കരാറുകമ്പനിയായ വാഗാഡിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ കമ്പനി അധികൃതര്‍ അനങ്ങിയില്ല. തുടര്‍ന്ന് പയ്യോളി ഹൈവേ പൊലീസ് നേരിട്ട് കമ്പനി അധികൃതരോട് വെള്ളക്കെട്ട് നീക്കണമെന്ന് നിര്‍ദ്ദേശിച്ചു. ചൊവ്വാഴ്ച വെള്ളക്കെട്ട് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നാണ് കമ്പനി പൊലീസിന് നല്‍കിയ ഉറപ്പ്. എന്നാല്‍ ഇന്നും വാഗാഡ് വെള്ളക്കെട്ട് നീക്കാന്‍ ചെറുവിരല്‍ അനക്കിയില്ല.

നാട്ടുകാരാണ് കാര്‍ വെള്ളക്കെട്ടില്‍ നിന്ന് തള്ളി കരയിലെത്തിച്ചത്. തുടര്‍ന്ന് മറ്റൊരു വാഹനം കൊണ്ട് കെട്ടിവലിച്ച് പയ്യോളി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കയറ്റിയിട്ടു. സംഭവത്തില്‍ കാറിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വീഡിയോ കാണാം: