കേരളത്തിലെത്തിയത് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി; കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍



കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.

മൂന്നുമാസം മുമ്പാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു.

യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വാര്‍ഡിലേക്ക് മാറ്റിയശേഷം ദ്വിഭാഷിയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. യുവതിയോടൊപ്പം താമലിച്ചിരുന്ന ആണ്‍സുഹൃത്തിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.