സഹപാഠിക്കൊരു സ്‌നേഹഭവനം; പന്തലായനി സ്‌കൂളും നാട്ടുകാരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്‌നേഹഭവനത്തിന് ആദ്യ സംഭാവന നല്‍കി വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ പി കെ ഷുഹൈബ്


കൊയിലാണ്ടി: പന്തലായനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ യുടെയും നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ‘സ്‌നേഹ വീടിന്റെ’ ആദ്യ സംഭാവന പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പി.കെ ഷുഹൈബ് നല്‍കി.

ഷുഹൈബില്‍ നിന്ന് മൂടാടി പഞ്ചായത്ത് അംഗം കെ.പി ലത സ്വീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.എം ബിജു, വൈസ് പ്രസിഡന്റ് പ്രമോദ് രാരോത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പിതാവിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ സഹപാഠിയുടെ കുടുംബത്തിനാണ് സ്‌കൂളും സഹപാഠികളും നാട്ടുകാരും തുണയാകുന്നത്. ജനുവരി 22ന് സ്‌നേഹഭവനത്തിന്റെ തറക്കല്ലിട്ടിരുന്നു. പുളിയഞ്ചേരിയിലെ സന്നദ്ധ പ്രവര്‍ത്തകനായ വലിയാട്ടില്‍ ബാലകൃഷ്ണന്‍ സൗജന്യമായി നല്‍കിയ മുടുകുന്നിലെ മൂന്നര സെന്റിലാണ് വീട് നിര്‍മ്മിക്കുന്നത്.