ഭവന നിര്‍മാണത്തിനും ശുചിത്വത്തിനും മുന്‍ഗണന; മേപ്പയ്യൂര്‍ പഞ്ചായത്ത് ബജറ്റിന്റെ വിശദാംശങ്ങള്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഭവന നിര്‍മാണത്തിനും ശുചിത്വത്തിനും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും ബജറ്റില്‍ മുന്‍ഗണന നല്‍കി. കളിസ്ഥലം, ആയുര്‍വേദ – ഹോമിയോ ആശുപത്രികളുടെ വിപുലീകരണം, വഴിയോര വിശ്രമ കേന്ദ്രം തുടങ്ങിയ യമേഖലകള്‍ക്കും പ്രാധാന്യം നല്‍കിയ ജെന്‍ഡര്‍ ബജറ്റ് വൈസ് പ്രസിഡന്റ് എന്‍.പി ശോഭയാണ് അവതരിപ്പിച്ചത്.

 

പ്രാരംഭ ബാക്കി ഉള്‍പ്പെടെ 27.01 കോടിരൂപ വരവും 25.49 കോടിരൂപ ചെലവും 1.51 കോടിരൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്ക് 58 ലക്ഷം, പശ്ചാത്തല വികസനത്തിന് രണ്ട് കോടി, ലൈഫ് പദ്ധതിക്ക് 1.2 കോടിയും വകയിരുത്തി. ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിന് 24 ലക്ഷം, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമാായി 24 ലക്ഷം രൂപയും നീക്കിവെച്ചു.

ആരോഗ്യ മേഖലയ്ക്ക് 30 ലക്ഷം, ബഡ്സ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി 25 ലക്ഷം, കായലാട് നടേരി തോട് സംരക്ഷണത്തിനും പഞ്ചായത്ത് ഓഫീസ് നവീകരണത്തിനുമായി 50 ലക്ഷം വീതവും, തൊഴിലുറപ്പ് പദ്ധതിക്ക് ഒമ്പത് കോടിരൂപയും വകയിരുത്തി.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് അരിയില്‍ സ്വാഗതം പറഞ്ഞു. മുഴുവന്‍ പഞ്ചായത്തംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.