പാമ്പുകൾ നിസ്സാരമല്ല, കടിയേറ്റാൽ ചികിത്സ വൈകിയാൽ പ്രശ്നം ഗുരുതരമാകാം; കൊയിലാണ്ടിയിലുൾപ്പെടെ ജില്ലയിൽ ‘ആന്റി വെനം’ ഉള്ള ആശുപത്രികൾ ഏതൊക്കെയാണെന്നു നോക്കാം


കൊയിലാണ്ടി: മഴക്കാലമെത്തിയതോടെ അസുഖങ്ങളോടൊപ്പം ഭയക്കേണ്ട ഒന്നാണ് ഇഴജന്തുക്കളും. ഓരോ വര്‍ഷവും നിരവധി പേരാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിനോടൊപ്പം തന്നെ പാമ്പുകളെയും സൂക്ഷിക്കുക.

ഡിസംബർ, ജനുവരി മാസങ്ങളിൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്’ അണലി’. അണലി നിസ്സാരക്കാരനല്ല കേട്ടോ, ഇച്ചിരി കൂടിയ ഇനമാണ്. കൃത്യമായി പറഞ്ഞാൽ ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുതൽ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം.

കടി കിട്ടുന്ന മനുഷ്യന്റെ അവസ്ഥയും അൽപ്പം കഷ്ടത്തിലാവും. ഇതിന്റെ കടി കൊണ്ടാൽ കടി കൊണ്ടഭാഗത്ത് നിന്ന് രക്തം ഒലിച്ചുകൊണ്ടേയിരിക്കുക. കടി കൊണ്ട ഭാഗം നീര് വന്ന് വീർത്തിരിക്കുക, വേദന അനുഭവപ്പെടുക, മൂത്രതടസ്സം അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവും. ഇതിന്റെ വിഷം മനുഷ്യ ശരീരത്തിൽ രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത്. അതിനാൽ തന്നെ കടിയേറ്റ വ്യക്തിക്ക് മാസങ്ങളോളം ചികിൽസ നൽകേണ്ടി വരും.

അണലിയെ കാണാൻ മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള, തവിട്ട് നിറത്തിൽ കറുത്ത കളറിൽ ചങ്ങലക്കണ്ണികൾ പോലെയുള്ള പുളളികൾ തല ത്രികോണ ആക്രതി, തടിച്ച ശരിരം തുടങ്ങിയവയാണ്.

ഇത്തരത്തിലുള്ള വിഷപാമ്പുകളുടെ കടിയേറ്റാൽ ഭയപ്പെടാതെ ആദ്യം വേണ്ടത് സമചിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ്; 

പാമ്പ് കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ ശ്രമിക്കരുത്.

കടി കൊണ്ടഭാഗം സോപ്പു ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.

പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പാക്കി കിടത്തുക.

ആ വ്യക്തിയെ ഭയപ്പെടുത്തരുത്, സമാധാനിപ്പിക്കണം.

സ്വയം ചികിത്സയ്ക്കായി ശ്രമിക്കരുത്.

പാമ്പ്കടിയേറ്റ വ്യക്തിക്ക് വെള്ളമോ ഭക്ഷണങ്ങളോ പോലെയുള്ളവ കൊടുക്കരുത്.

കടി കൊണ്ടഭാഗം കത്തി, ബ്ളയ്ഡ് തുടങ്ങി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കീറി മുറിക്കാതിരിക്കുക.

പാമ്പ് കടിയേറ്റ വ്യക്തിയെ സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.

വിഷ പാമ്പുകളുടെ കടിയേറ്റാൽ എന്താണ് സംഭവിക്കുക?

രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ ആണ് ബാധിക്കുന്നത്. അണലിയുടെ വിഷം രക്ത മണ്ഡലത്തെയും. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകും. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യും.

പാമ്പ് കടിയേറ്റാൽ എങ്ങോട്ടാണ് കൊണ്ട് പോകേണ്ടത്?

പാമ്പിൻ വിഷം ഏറ്റാൽ സ്വയം ചികിത്സയ്ക്കാൻ നിൽക്കരുത്. ആന്റി വെനം ഉള്ള ആശുപതികളിൽ തന്നെ പോകേണം. ജില്ലയിൽ കൊയിലാണ്ടിയുൾപ്പെടെ പോകാനാവുന്ന ആശുപത്രികളുടെ പേരുകൾ ചുവടെ ചേർക്കുന്നു.

താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്

ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്

ബേബി മെമ്മോറിയൽ ആശുപത്രി

ആശ ഹോസ്പിറ്റൽ,വടകര

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്

ജനറൽ ആശുപത്രി, കോഴിക്കോട്

ജില്ലാ ആശുപത്രി, വടകര

ഇത്തരമൊരു അപകടം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്, പാമ്പുകളുടെ കടി കൊള്ളാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം;

ശക്തമായ മഴക്കാലത്ത് പാമ്പുകൾ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിക്കിടക്കാം. അത് കൊണ്ട് തന്നെ ഷീറ്റുകളോ മറ്റു വസ്ത്രങ്ങളോ കുന്നുകൂട്ടിയോ ചുരുണ്ടു കൂട്ടിയോ സൂക്ഷിക്കരുത്.

മഴക്കാലത്ത് വണ്ടിക്കുള്ളിലും ഷൂവിനുള്ളിലുമെല്ലാം തണുപ്പു തേടി പാമ്പുകള്‍ പതുങ്ങിയിരിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഷൂസ് ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച ശേഷം മാത്രം ഇടുക.

വാഹനങ്ങളുടെ അടിഭാ​ഗവും ക്യത്യമായി പരിശോധിച്ച് പാമ്പ് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രം വണ്ടി എടുക്കുക.

വീട്ടുവളപ്പിലെ ചെടികളും കുറ്റിക്കാടുകളുമെല്ലാം പരിശോധിക്കണം. മഴക്കാലത്തു പൊഴിയുന്ന ഇലകള്‍ക്കടിയിലും തണുപ്പുപറ്റി പാമ്പുകള്‍ കിടക്കാറുണ്ട്.

മഴക്കാലത്ത് പാമ്പുകൾ വീട്ടിലേക്ക് ഏതു വഴി വേണമെങ്കിലും കടക്കാം..

വളര്‍ത്തുമൃഗങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ പാമ്പുകളെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്. പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം പാമ്പുകള്‍ വരുന്നത് സാധാരണയാണ്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.

രാത്രി സമയങ്ങളിൽ പുറത്തിറങ്ങി നടക്കുമ്പോൾ കയ്യിൽ ലൈറ്റ് കരുതുക.

പുറത്തിറങ്ങി നടക്കുമ്പോൾ കാലിൽ ചെരുപ്പ്, ഷൂസ് പോലത്തവ കാലിൽ ധരിക്കുക.

കാണാത്ത സ്ഥലങ്ങളിൽ നിന്നും കയ്യിട്ടിട്ട് ഒരു വസ്തുക്കളും (മാളങ്ങൾ) എടുക്കാതിരിക്കുക.

മാളങ്ങൾക്ക് സമീപം ചാരി നിൽക്കാതിരിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പിന്റെ കടിയിൽ നിന്നും നമുക്ക് ഒരു പരിധിവരെ രക്ഷ നേടാം.

കരുതലോടെ നടക്കു, അപകടങ്ങൾ ഒഴിവാക്കു.