സ്‌കിറ്റുകളും സംഗീതനിശയുമൊക്കെയായി കലാവിരുന്നൊരുക്കി പയ്യോളിയിലെ കൊച്ചുകൂട്ടുകാര്‍: ബാലസംഘം വേനല്‍ത്തുമ്പി കലാജാഥ മൂടാടിയില്‍


പയ്യോളി: കൊച്ചുകൂട്ടുകാരുടെ കലാവിരുന്നുകൊണ്ട് ശ്രദ്ധേയമായി ബാലസംഘം പയ്യോളി ഏരിയാ വേനല്‍ തുമ്പി കലാജാഥ. ശാസ്ത്രം വളരുമ്പോഴും അന്ധവിശ്വാസത്തിന് അടിമപ്പെടുന്ന സമൂഹം, പശു രാഷ്ട്രീയം, ഗാന്ധി മരിച്ചതല്ല കൊന്നതാണ് തുടങ്ങി ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് ഏഴ് സ്‌കിറ്റുകളാണ് കലാജാഥയുടെ ഭാഗമായി അവതരിപ്പിച്ചത്. കൂടാതെ കൊച്ചുകൂട്ടുകാരുടെ സംഗീതശില്പവും വേദിയില്‍ അരങ്ങേറി.

മൂടാടിയില്‍ നടന്ന കലാജാഥ ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അമാസ്.എസ്.ശേഖര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ദേവനന്ദയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കലാജാഥാ കോഡിനേറ്റര്‍ ആര്‍.പി.കെ.രാജീവ് കുമാര്‍, ജാഥാ മനേജര്‍ ടി.ഷീബ എന്നിവര്‍ സംസാരിച്ചു.

കലാജാഥയില്‍ പങ്കെടുക്കുന്ന ബാലസംഘം കൂട്ടുകാര്‍ക്കും ക്യാമ്പ് സംഘാടക സമിതിക്കും അമാസ്.എസ്.ശേഖര്‍ ഉപഹാരങ്ങള്‍ നല്‍കി.