‘നൂറല്ല ഇനിയുമേറെയുണ്ട് അര്‍ജന്റീന ആരാധകര്‍ സമയമില്ലാത്തതിനാലാണ് ഇതില്‍ ഒതുങ്ങിപ്പോയത്’ അര്‍ജന്റീനയുടെ കളി കാണാന്‍ നേരത്തെ സ്‌കൂള്‍ വിടാന്‍ അധ്യാപകന് കത്തെഴുതിയ നാഫിഹ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറയുന്നു..കുട്ടികളുടെ ആവശ്യത്തിന് പരിഗണന നല്‍കുമെന്ന് ഹെഡ് മാസ്റ്ററും


Advertisement

നൊച്ചാട്: കാല്‍പന്തിന്റെ താളം നെഞ്ചിലേറ്റി ലോകം മുഴുവന്‍ ആരവങ്ങള്‍ മുഴക്കുമ്പോള്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ കളികാണാന്‍ വ്യത്യസ്തമായൊരു നിവേദനവുമായി നൊച്ചാട് ഹയര്‍ സെക്കന്ററിയിലെ വിദ്യാര്‍ത്ഥികള്‍. സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ നിവേദനത്തിനു പിന്നിലെ ചേതോവികാരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കു വയ്ക്കുകയാണ് കുട്ടിഫാന്‍സ്.

Advertisement

ഞങ്ങള്‍ അര്‍ജന്റീനാ ഫാന്‍സാണ്. അതിനാല്‍ തന്നെ അര്‍ജന്റീനയുടെ ഒരുകളിപോലും മിസ്സാക്കാന്‍ പറ്റില്ല അപ്പോള്‍ ഇന്ന് ഉച്ചയ്ക്ക് 3.30 ന് അര്‍ജന്റീനയും സൗദി അറേബ്യയുമായി നടക്കുന്ന മത്സരം കാണല്‍ ഞങ്ങള്‍ക്ക് എന്താണ് മാര്‍ഗ്ഗമെന്ന്‌ ആലോചിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ ഇര്‍ഷാദ് സാറിനോട് ചോദിച്ചപ്പോള്‍ അദ്ദേഹമാണ് ഇങ്ങനെയൊരാശയം പറഞ്ഞു തന്നതെന്ന് നൊച്ചാട് സ്‌കൂളിലെ 9ജി വിദ്യാര്‍ത്ഥിയായ നാഫിഹ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.


Also Read News: ‘അര്‍ജന്റായി അവധി വേണം, അര്‍ജന്റീനയുടെ കളി കാണാനുള്ളതാണ്’; ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനം കാണാന്‍ അവധിക്കപേക്ഷിച്ച് നൊച്ചാട് എച്ച്.എസ്.എസിലെ കുട്ടിഫാന്‍സ് – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


‘ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 3.30 ന് അര്‍ജന്റീനയും സൗദി അറേബ്യയുമായി നടക്കുന്ന മത്സരം കാണല്‍ ഞങ്ങള്‍ അര്‍ജന്റീനാ ഫാന്‍സിന് അനിവാര്യമായി തോന്നുന്നുവെന്നും അതിനാല്‍ സ്‌കൂള്‍ മൂന്ന് മണിക്ക് വിടണം’ എന്ന് എഴുതി തയ്യാറാക്കിയശേഷം നാഫിഹും ക്ലാസിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയായ ഷാദിലും ചേര്‍ന്ന് എട്ട് ഒന്‍പത്, ക്ലാസുകളിലെ കുട്ടികളെ സമീപിച്ച് താല്‍പര്യമുള്ളവരോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. നൂറ് വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടശേഷം ഹെഡ് മാസ്റ്റര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയായിരുന്നു. നൂറ് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഇനിയും അര്‍ജന്റീനാ ഫാന്‍സ് സ്‌കൂളിലുണ്ട് പക്ഷെ എല്ലാവരെയും സമീപിക്കാന്‍ സമയമില്ലാത്തതിനാല്‍ നൂറ് പേരുടെ ഒപ്പില്‍ നിര്‍ത്തുകയായിരുന്നെന്നും കുട്ടികള്‍ പറഞ്ഞു.

Advertisement

കുട്ടികളുടെ സ്‌പോട്‌സിനോടുള്ള താല്‍പര്യം വളരെ കൗതുകത്തോടെയാണ് സ്‌കൂളിലെ ഹെഡ് മാഷുള്‍പ്പെടെയുള്ള അധ്യാപകര്‍ കണ്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ സ്‌പോട്‌സിലുള്ള താല്‍പ്പര്യത്തെ പ്രശംസിക്കുന്നെന്നും അവരുടെ ആവശ്യം പരിഗണിക്കപ്പെടേണ്ടതായി തോനുന്നെന്നും ഹെഡ് മാസ്റ്റര്‍ അബ്ദു റഹ്മാന്‍ പറഞ്ഞു. കുട്ടികള്‍ ഇങ്ങനെ ഒരു നിവേദനവുമായി വന്നപ്പോള്‍ അവരുടെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റിനെ ആദ്യം അഭിനന്ദിക്കുകയും പിന്നീട് നിങ്ങളുടെ ഇഷ്ട ടീമായ അര്‍ജന്റീന 6-0 ത്തിന് വിജയിക്കുമെന്ന് ആശംസിക്കുകയും ചെയ്തു. കുട്ടികള്‍ നല്ല ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഫാന്‍സിന്റെ ആവശ്യത്തിന് ചെറിയ പരിഗണന നല്‍കാവുന്നതാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

കത്ത് നല്ല രസകരമായി തോന്നി, കുട്ടികളുടെ ഫുട്‌ബോളിനോടുള്ള ഒരു പ്രണയം കാണിക്കാന്‍ കൂടിയാണ് ഇത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് സ്‌കൂള്‍ അധ്യാപകനും അതോടൊപ്പം ഫുട്‌ബോളില്‍ ഒരു ബ്രസീല്‍ ഫാനുമായ അധ്യാപകന്‍ ബിന്‍സിന്‍ പ്രതികരിച്ചു.

എന്തായാലും കുട്ടി അര്‍ജന്റീനാ ഫാന്‍സിന്റെ ആവശ്യം പരിഗണിക്കപ്പെടട്ടെ എന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമും പ്രത്യാശിക്കുന്നു.

വീഡിയോ കാണാം:


summary: Argentina fans at Nochad Higher secondary school who request the head teacher to watch Argentina play on today reacted to perambranews. com