കഥയും പാട്ടുമായി കാണികളെ രസിപ്പിച്ച് കീഴരിയൂരിലെ കഥാപ്രസംഗ മഹോത്സവം; മൂന്ന് ദിവസം നീണ്ട പരിപാടിയുടെ സമാപനത്തിനായി ഇന്ന് വൈകീട്ട് വിദ്യാധരൻ മാസ്റ്റർ എത്തും


കീഴരിയൂർ: കഥയും പാട്ടും കൊണ്ട് കാണികളെ ആവേശത്തിലാക്കി കീഴരിയൂരിലെ കഥാപ്രസം​ഗ മഹോത്സം. കേരള സംഗീത നാടക അക്കാദമിയും കീഴരിയൂർ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയും ചേർന്നാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

നവംബർ 20 ന് ആരംഭിച്ച കഥാപ്രസം​ഗ മഹോത്സം സം​ഗീത നാടക അക്കാദമി അം​ഗം വി.ടി മുരളിയാണ് ഉദ്ഘാടനം ചെയ്തത്. നവംബർ 20, 21, 22 തിയ്യതികളിലായാണ് പരിപാടി നടന്നത്. കേരളത്തിലെ പ്രമുഖ കാഥികർ കഥാപ്രസംഗ മഹോത്സവത്തിനായി കീഴരിയൂരിൽ എത്തിയിരുന്നു.

ഇന്ന് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് ഉദ്ഘാടനം ചെയ്യുന്നത്. വൈകീട്ട് 6.30 ന് കാഥികൻ പാലാ നന്ദകുമാർ അവതരിപ്പിക്കുന്ന ‘മഹാകവി കാളിദാസൻ’ എന്ന കഥാപ്രസം​ഗവും തുടർന്ന് നാദിയ അവതരിപ്പിക്കുന്ന നാറാണത്ത് ഭ്രാന്തൻ എന്ന കഥാപ്രസംഗവും അരങ്ങേറും. ‘ഞാളെ നാട്ടുമ്പുറം’ നാട്ടോർമകളുടെ കേട്ടെഴുത്ത് പ്രബന്ധ മത്സര വിജയികളായ ബാബുരാജ് കീഴരിയൂർ, കൃഷ്ണൻ മൂശാരികണ്ടി എന്നിവരെ ചടങ്ങിൽ അനുമോദിക്കും.