ആവേശം നിരാശയ്ക്ക് വഴിമാറി; ഹൃദയം തകർന്ന് അർജന്റീന ആരാധകർ, കൊല്ലം മന്ദമംഗലത്തെ കളിയാവേശത്തിൽ നിന്ന്


കൊയിലാണ്ടി: ലോകമെങ്ങുമുള്ള അർജന്റീന ആരാധകർക്ക് നിരാശയുടെ ദിനമായിരുന്നു ഇന്ന്. ലോകത്ത് മറ്റാരെക്കാളും അർജന്റീനയെ നെഞ്ചേറ്റുന്ന കേരളത്തിലെ ആരാധകരും ഇന്ന് ദുഃഖത്തിന്റെയും ഞെട്ടലിന്റെയും ആഘാതത്തിലാണ്.

കൊയിലാണ്ടിയിലെ അർജന്റീനയുടെ ആരാധകരും മത്സരശേഷം വലിയ നിരാശയിലാണ്. എന്നാൽ നിരാശയുടെ ആഴങ്ങളിലുള്ളപ്പോഴും പ്രതീക്ഷ കൈവിടാതെ ഇക്കുറി മെസി കപ്പുയർത്തുമെന്ന ശുഭാപ്തി വിശ്വാസവും ആരാധകർ പങ്കുവയ്ക്കുന്നു.

കൊല്ലം മന്ദമംഗലത്തെ ചെന്താര വായനശാല ഒരുക്കിയ ബിഗ് സ്ക്രീനിൽ നൂറുകണക്കിന് പേരാണ് കളി കാണാനായി എത്തിയത്. ഭൂരിഭാഗവും അർജന്റീന ആരാധകർ തന്നെ. ടീമിന്റെ ജേഴ്സി അണിഞ്ഞ് ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു ബിഗ് സ്ക്രീനിന് മുന്നിൽ ആരാധകർ. പത്താം മിനുറ്റിൽ മെസി ഗോൾ നേടിയതോടെ ആവേശം അണപൊട്ടി. എന്നാൽ പരാജയത്തിന്റെ മുന്നോടിയായുള്ള ആളിക്കത്തലായിരുന്നു അതെന്ന് ആരാധകർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.

പിന്നീട് സൗദി അറേബ്യ രണ്ട് ഗോളുകൾ മിനുറ്റുകളുടെ വ്യത്യാസത്തിൽ വെടിയുണ്ട കണക്കെ അടിച്ചപ്പോൾ അത് ആരാധകർക്ക് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു. കീഴടങ്ങില്ല എന്ന വാശിയോടെ അർജന്റീനയുടെ ഓരോ നിമിഷത്തെയും കുതിപ്പ് ആരാധകർക്ക് അപ്പോഴും പ്രതീക്ഷ പകരുന്നതായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം വരെ പൊരുതുകയും ആരാധകർക്ക് പ്രതീക്ഷ പകരുകയും ചെയ്ത ശേഷമാണ് അർജന്റീന പരാജയം സമ്മതിച്ചത്.

എന്നാൽ ഈ തോൽവിയോടെ അർജന്റീനയെ എഴുതി തള്ളേണ്ട എന്നാണ് മന്ദമംഗലത്തെ ആരാധകർ പറയുന്നത്. ഇനിയുള്ള മത്സരങ്ങളിൽ മെസിയും കൂട്ടരും ശക്തമായി തിരിച്ചുവരുമെന്ന് അർജന്റീനയുടെ കടുത്ത ആരാധകനായ അരുൺ പറഞ്ഞു. സൗദിക്കെതിരെ അർജന്റീന കൂടുതൽ ജാഗ്രതയോടെ കളിക്കണമായിരുന്നു എന്നാണ് മറ്റൊരു ആരാധകനായ വിവേക് പറഞ്ഞത്. ഖത്തറിലെ ചൂട് കാലാവസ്ഥയും അർജന്റീനയ്ക്ക് തിരിച്ചടിയാകാൻ കാരണമായിട്ടുണ്ടാകുമെന്ന് വിവേക് കൂട്ടിച്ചേർത്തു.

അർജന്റീനയുടെ ആദ്യ മത്സരം കാണാൻ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ മന്ദമംഗലത്ത് ചെന്താര വായനശാലയിൽ സജ്ജീകരിച്ച ബിഗ് സ്ക്രീനിൽ കളിക്കാനാൻ എത്തിയത്. വൈകീട്ട് മൂന്ന് മണിയോടെ തന്നെ ആരാധകർ അർജന്റീനയുടെ ജഴ്സികൾ ധരിച്ച് കൊടികൾ വീശി ഒറ്റയ്ക്കും കൂട്ടായും എത്തിത്തുടങ്ങിയിരുന്നു. 3.30 ഓടെ ബിഗ് സ്ക്രീനിന് മുമ്പിൽ ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. കളി ആരംഭിച്ചത് മുതൽ മെസിയുടെ ഓരോ നീക്കങ്ങളെയും ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. കളി ആരംഭിച്ച് ചുരുങ്ങിയ സമയത്ത് മെസി ഗോൾ കൂടി നേടിയതോടെ ആരാധകർ അക്ഷരാർത്ഥത്തിൽ ആരവം മുഴക്കി തുള്ളിച്ചാടുകയായിരുന്നു. സൗദി അറേബ്യയെ പ്രോത്സാഹിപ്പിക്കാൻ ബ്രസീൽ, പോർച്ചുഗൽ ആരാധകരും എത്തിയതോടെ രംഗം ചൂടുപിടിച്ചു.

ലോകകപ്പ് അവസാനിക്കുന്നത് വരെ എല്ലാ മത്സരങ്ങളും ബിഗ് സ്ക്രീനിൽ കാണാനുള്ള സൗകര്യം മന്ദമംഗലത്തെ ചെന്താര വായനശാല ഒരുക്കിയിട്ടുണ്ട്. തദ്ദേശവാസികളായ ഫുട്ബോൾ ആരാധകരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ദേശീയപാതയോരമായതിനാൽ വാഹനങ്ങൾ നിർത്തി കളി കാണുന്നവരെയും ഇവിടെ കാണാം. ഖത്തർ ലോകകപ്പിന്റെ ഭാഗമായി ബിഗ് സ്ക്രീൻ സംപ്രേക്ഷണത്തിന് പുറമെ സോക്കർ ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്.

ചിത്രങ്ങൾ കാണാം:

(ചിത്രങ്ങൾ: റംഷാദ് സിൽക്ക് ബസാർ)