കലാമേളയ്ക്കൊപ്പം ലഹരിക്കെതിരായ കരുതലും; ഉപജില്ലാ കലോത്സവ വേദിയിൽ വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം


കൊയിലാണ്ടി: ഉപജില്ലാ കലോത്സവ മേള നടക്കുന്ന ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം. സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് കീഴിലുള്ള  കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെയും എൻ.എസ്.എസ്സിന്റെയും ആഭിമുഖ്യത്തിലാണ് പോസ്റ്റർ പ്രദർശനം നടത്തുന്നത്. പ്രദർശനം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊയിലാണ്ടി എസ്.ഐ പി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലും എൻ.എസ്.എസ്സും ലഹരിവസ്തുക്കൾക്ക് എതിരെ നടത്തുന്ന ബോധവൽകരണ പരിപാടി കാലിക പ്രസക്തമാണെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത കൊയിലാണ്ടി എസ്.ഐ ഗിരീഷ് കുമാർ പറഞ്ഞു. പരിപാടിക്ക് എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെല്ലിന്റെ കോ-ഓർഡിനേറ്റർ ആയ സഗീർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലത്ത്, ഷറഫുദ്ദീൻ.കെ, റഹീം.ടി.പി, എൻ.എസ്.എസ്സിന്റെ ചുമതലയുള്ള അധ്യാപിക സിന്ധു, എൻ.എസ്.എസ്-കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ  വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഉപജില്ലാ കലോത്സവത്തിന്റെ വേദിയായ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ ഇ ബ്ലോക്കിന് സമീപം പ്രദർശനം ഒരുക്കിയത്.

വിദ്യാലയങ്ങളും സമൂഹവും ലഹരിവിമുക്തമാകണമെന്നും ലഹരിയെ ചെറുത്ത് തോൽപ്പിക്കുക എന്ന ലക്ഷ്യത്തിനായാണ് പോസ്റ്റർ പ്രദർശനത്തിലൂടെയുള്ള ബോധവൽക്കരണമെന്നും സംഘാടകർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സർക്കാറിന്റെ വൊക്കെഷണൽ ഹെയർ സെക്കന്ററി വിഭാഗത്തിന് കീഴിലുള്ള പദ്ധതിയാണ് കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ. കുട്ടികളുടെ ഉപരിപഠന തൊഴിൽ സാധ്യതയോടൊപ്പം മാനസിക-ശാരീരിക ആരോഗ്യംവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.