സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ മരണം


തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ 27കാരിയാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇന്നലെ മരണപ്പെട്ടത്. പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ ഡെങ്കിപ്പനി മരണമാണിത്. കഴിഞ്ഞ ദിവസം വള്ളക്കടവ് സ്വദേശിയായ ആറ് വയസുകാരി മരിച്ചതും ഡെങ്കിപ്പനി മൂലമാണെന്നാണ് റിപ്പോര്‍ട്ട്.

കഠിനമായ പനിയോടൊപ്പം അഹസ്യമായ തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല, അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. രോഗലക്ഷണങ്ങളുളളവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ഡെങ്കിപ്പനി മാറിയാലും പനിയുടെ ക്ഷീണം മാറാന്‍ ദിവസങ്ങളെടുക്കും. അതുകൊണ്ടുതന്നെ ഡെങ്കിപ്പനി ബാധിച്ചവര്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം.