സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധം, ഗള്‍ഫില്‍നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാലു പ്രതികളും കീഴടങ്ങി


താമരശ്ശേരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധത്തിന്റെ പേരില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന നാലു പ്രതികളും കീഴടങ്ങി. ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (22), പുള്ളാവൂര്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (22), വലിയപറമ്പ മീത്തലെപനക്കോട് മുഹമ്മദ് ഷഹല്‍ (23), ഉണ്ണികുളം പുതിയേടത്ത്കണ്ടി ആദില്‍ (24) എന്നിവരാണ് താമരശ്ശേരി ഇന്‍സ്പെക്ടര്‍ എന്‍.കെ സത്യനാഥന്‍മുമ്പാകെ ബുധനാഴ്ച ഹാജരായത്.

അനധികൃതമായി കടത്താനേല്പിച്ച സ്വര്‍ണം അവകാശികളറിയാതെ മറ്റൊരു സംഘത്തിന് കൈമാറിയെന്നാരോപിച്ച് ബഹ്റൈനില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മേപ്പയ്യൂര്‍ കാരയാട്ട് പാറപ്പുറത്തുമ്മല്‍ ഷഫീഖി(36)നെ താമരശ്ശേരിയിലെ ഒരു ലോഡ്ജില്‍ തടങ്കലില്‍വെച്ച് മര്‍ദിച്ചെന്നാണ് കേസ്. ജനുവരി ഒമ്പതിന് രാത്രി ഒമ്പതിന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ ഷഫീഖിനെ കൊണ്ടോട്ടിയില്‍നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു.

രണ്ടു ദിവസത്തിനുശേഷം കാറില്‍ കയറ്റി കട്ടാങ്ങല്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ കുറുങ്ങാട്ടെകടവ് പാലത്തിനടുത്തുവെച്ച് ഷഫീഖ് കാറില്‍നിന്നും ഇറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഇതിനിടെ സംഘം പ്രദേശത്തുനിന്ന് കടന്നുകളയുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് ഷഫീഖിനെ താമരശ്ശേരി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഷഫീഖിന്റെ മൊഴി രേഖപ്പെടുത്തി താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നു.

താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് ജാമ്യത്തില്‍വിട്ടു. കേസെടുത്തതിന്റെ പിറ്റേദിവസംതന്നെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ബഹ്റൈനിലേക്ക് കടന്ന നാലുപേരും മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദേശം. തുടര്‍ന്ന് നാട്ടിലെത്തി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

summary: all four accused surrendered in the incident of abducting and beating up the youth