കേരളത്തില്‍ മദ്യപാനവും പുകവലിയും കുറഞ്ഞതായി കണക്കുകള്‍; ഈ ലഹരിവസ്തുക്കള്‍ക്കായി ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനം


തിരുവനന്തപുരം: മലയാളികള്‍ക്കിടയില്‍ മദ്യപാനവും പുകവലിയും കുറഞ്ഞതായി പുതിയ റിപ്പോര്‍ട്ട്. മദ്യം, പുകവലി എന്നീ ലഹരിവസ്തുക്കള്‍ക്കായി ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. നേരത്തെ, 2011-12ല്‍ നടത്തിയ സര്‍വേയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കായുള്ള കേരളീയരുടെ ചെലവ് ഗ്രാമപ്രദേശങ്ങളില്‍ 2.68% വും നഗരപ്രദേശങ്ങളില്‍ 1.87% വുമായിരുന്നു. രണ്ട് മേഖലകളിലും ഇത് കുറഞ്ഞതായാണ് സര്‍വേ തെളിയിക്കുന്നത്.

കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ളവര്‍ ആകെ വീട്ടു ചെലവിന്റെ 1.88% മദ്യത്തിനും പുകയിലക്കുമായി ചെലവഴിക്കുന്നു, നഗരപ്രദേശങ്ങളിലുള്ളവര്‍ 1.37% ആണ് ചെലവഴിക്കുന്നത്. ദേശീയ ശരാശരി ഇത് യഥാക്രമം 3.70% വും, 2.41% വുമാണ്.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കണക്കെടുത്താല്‍ ഗ്രാമീണ മേഖലയില്‍ ഏറ്റവും പണം ചെലിവിടുന്നത് ആന്‍ഡമാന്‍ നിക്കോബാറിലും (9.08%), നഗര മേഖലയില്‍ അരുണാചല്‍ പ്രദേശിലും (6.51%) ആണ്. ഏറ്റവും കുറവാകട്ടെ, ഗ്രാമീണമേഖലയില്‍ ഗോവയിലും (1.52%), നഗര മേഖലയില്‍ മഹാരാഷ്ട്രയിലും (1.14%) ആണ്.

ഭക്ഷ്യവസ്തുക്കള്‍ക്ക് പണം ചെലവാക്കുന്ന കാര്യത്തിലും കുറവ് വന്നെന്നതാണ് മറ്റൊരു വസ്തുത. ആകെ കുടുംബ ബജറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള വിഹിതമാണ് കുറച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 2012ല്‍ 42.99% ആയിരുന്നത് ഇപ്പോള്‍ 39.10% ആണ്. നഗരപ്രദേശങ്ങളില്‍ 36.97% ഭക്ഷണത്തിന് ചെലവാക്കിയിരുന്നത് ഇപ്പോള്‍ 36.01% ആയും കുറഞ്ഞിരിക്കുന്നു.